കറണ്ട് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമെന്ന് ആര്‍ബിഐ ഗവര്‍ണര്‍
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (CAD) നിയന്ത്രണവിധേയമെന്നും അത് പരിധിക്കുള്ളിലാണെന്നും റിസര്‍വ് ബാങ്ക് (RBI) ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള ഡിമാന്‍ഡ് മന്ദഗതിയിലാകുന്നത് ചരക്ക് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നിരുന്നാലും ശക്തമായ സേവന കയറ്റുമതി അതിന്റെ ആഘാതം ഒരു പരിധിവരെ നികത്തുന്നുവെന്നും ഫിക്‌സഡ് ഇന്‍കം മണി മാര്‍ക്കറ്റ് ആന്‍ഡ് ഡെറിവേറ്റീവ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 22-ാമത് വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ശരാശരി കറന്റ് അക്കൗണ്ട് കമ്മിയും ജിഡിപിയും തമ്മിലുള്ള അനുപാതം 3.3 ശതമാനമായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ചരക്ക് വ്യാപാരത്തില്‍ നിന്നുള്ള കമ്മി മൂലം കറന്റ് അക്കൗണ്ട് കമ്മി 4.4 ശതമാനമായി ഉയര്‍ന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന തുകയായ 83.5 ശതകോടി ഡോളര്‍ എത്തി.
നവംബറിലും ഡിസംബറിലും സിപിഐ (Consumer price index) പണപ്പെരുപ്പം മയപ്പെട്ടെങ്കിലും പ്രധാന പണപ്പെരുപ്പം ഇന്നും ഉയര്‍ന്ന നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ പണപ്പെരുപ്പം സെപ്റ്റംബറിലെ 7.41 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 5.72 ശതമാനമായും നവംബറില്‍ 5.88 ശതമാനമായും കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 5.9 ശതമാനം സിപിഐ പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിസംബറിലെ പണനയത്തില്‍ ആര്‍ബിഐ അറിയിച്ചിരുന്നു. 2023-24 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സിപിഐ പണപ്പെരുപ്പം 5 ശതമാനവും പ്രവചിച്ചിട്ടുണ്ട്.