പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ തുനിഞ്ഞിറങ്ങി ആര്‍ബിഐ, റിപ്പോ നിരക്ക് കൂട്ടി
രാജ്യത്തെ പണപ്പെരുപ്പം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പിടിച്ചുകെട്ടാന്‍ നീക്കവുമായി ആര്‍ബിഐ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ധിപ്പിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്. ഇതോടെ 2020 മെയ് മുതല്‍ 4 ശതമാനമായി തുടരുകയായിരുന്ന റിപ്പോ നിരക്ക് 4.40 ശതമാനമായി. പണനയസമിതിയുടെ അസാധാരണ യോഗത്തിലാണ് തീരുമാനം. സമിതി ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്.
ജൂണ്‍ എട്ട് മുതല്‍ നടക്കാനിരുന്ന പണനയസമിതിയില്‍ റിപ്പോ നിരക്ക് വര്‍ധിപ്പിക്കുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. റീട്ടെയ്ല്‍ പണപ്പെരുപ്പം തുടര്‍ച്ചയായി മൂന്ന് മാസമായി ആര്‍ബിഐയുടെ കംഫര്‍ട്ട് ലെവലിന് മുകളിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള പ്രഖ്യാപനം. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതോടെ മാര്‍ച്ചിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഏകദേശം ഏഴ് ശതമാനത്തിലെത്തിയിരുന്നു.
അതേസമയം, പണലഭ്യത കര്‍ശനമാക്കുന്നതിനായി ആര്‍ബിഐ ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) 50 ബേസിസ് പോയ്ന്റ് വര്‍ധിപ്പിച്ച് 4.5 ശതമാനമായും ഉയര്‍ത്തി. ഇതോടെ 87,000 കോടി രൂപ പണലഭ്യതയില്‍നിന്ന് പിന്‍വലിക്കും. ഇത് മെയ് 21 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
മെയ് രണ്ട് മുതല്‍ ചേര്‍ന്ന അടിയന്തര എംപിസി യോഗത്തില്‍ ആറംഗ സമിതിയാണ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി തീരുമാനമെടുത്തത്. നേരത്തെ, കഴിഞ്ഞമാസം ചേര്‍ന്നിരുന്ന ആര്‍ബിഐയുടെ പണനയ യോഗത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നില്ല. പലിശനിരക്ക് വര്‍ധിപ്പിക്കാതെ സാമ്പത്തിക ഉത്തേജന നയരീതി (അക്കോമഡേറ്റിവ് സ്റ്റാന്‍സ്) തുടരാനായിരുന്നു തീരുമാനം. എന്നാല്‍ ഈ നിലപാടില്‍നിന്ന് മാറിയാണ് റിപ്പോ നിരക്ക് കൂട്ടിയത്.
റിപ്പോ നിരക്ക് ഉയര്‍ത്തിയ ശക്തികാന്ത ദാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 2.34 ശതമാനം അഥവാ 1,335 പോയ്ന്റും നിഫ്റ്റി സൂചിക 2.39 ശതമാനം 407 പോയ്ന്റും ഇടിഞ്ഞു.