

ഇന്ത്യയില്‍ അനുദിനം പ്രചാരമേറുന്ന ഡിജിറ്റല്‍ പണമിടപാട് സംവിധാനമാണ് യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ. ഫോണിലൂടെ ഏറെ ലളിതമായി തത്സമയം പണം അയക്കാനും സ്വീകരിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
ഇന്റര്‍നെറ്റില്ലാത്ത ഫോണിലും യു.പി.ഐ ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യവുമാണ്. എന്നിരുന്നാലും ഒരുലക്ഷം രൂപയാണ് ഒരുദിവസം യു.പി.ഐ വഴി കൈമാറാവുന്ന പരമാവധി തുക. ഇന്ന് പ്രഖ്യാപിച്ച നടപ്പുവര്‍ഷത്തെ (2023-24) അഞ്ചാം ദ്വൈമാസ ധനനയത്തില്‍ ആശുപത്രികളിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും യു.പി.ഐ വഴി അടയ്ക്കാവുന്ന തുകയുടെ പരിധി റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു.
ഇനി ₹5 ലക്ഷം വരെ കൈമാറാം
നിലവിലെ ഒരുലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായാണ് ആശുപത്രികളിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും യു.പി.ഐ വഴി അടയ്ക്കാനുന്ന തുകയുടെ പരിധി റിസര്‍വ് ബാങ്ക് ഇന്ന് വര്‍ധിപ്പിച്ചത്. ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണകരമാകുന്ന തീരുമാനമാണിത്.
കാലതാമസമില്ലാതെ ഹോസ്പിറ്റല്‍ ബില്ലുകളും വിദ്യാഭ്യാസ ഫീസുകളും തത്സമയം അടയ്ക്കാനാകുമെന്നാണ് പ്രയോജനമെന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
നിലവിലെ ഇളവുകള്‍
ഇപ്പോഴും മറ്റ് ചില മേഖലകള്‍ക്ക് യു.പി.ഐ വഴി അയക്കാവുന്ന പണത്തിന്റെ പരമാവധി പരിധിയില്‍ റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. മൂലധന വിപണി, (ഓഹരി, എ.എം.സി., ബ്രോക്കിംഗ്, മ്യൂച്വല്‍ഫണ്ട് തുടങ്ങിയവ), വായ്പാ തിരിച്ചടവ്, ഇന്‍ഷ്വറന്‍സ് എന്നിവയ്ക്ക് നിലവില്‍ രണ്ടുലക്ഷം രൂപവരെ ഒരുദിവസം കൈമാറാന്‍ അനുമതിയുണ്ട്.
റിസര്‍വ് ബാങ്കിന്റെ റീറ്റെയ്ല്‍ ഡയറക്റ്റ് സ്‌കീം, പ്രാരംഭ ഓഹരി വിപണിയിലൂടെ (IPO) ഓഹരി വാങ്ങല്‍ എന്നിവയുടെ പരമാവധി പ്രതിദിന പരിധി 5 ലക്ഷം രൂപയുമാണ്.
ഓട്ടോ പേയ്‌മെന്റിലും പരിധി മാറ്റം
ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസ തവണത്തുക (ഇ.എം.ഐ., വിവിധ ഫീസുകള്‍ തുടങ്ങിയവ) ഓട്ടോമാറ്റിക്കായി പിന്‍വലിക്കുന്ന റെക്കറിംഗ് പണമിടപാട് സാധ്യമാക്കാന്‍ അദ്ദേഹത്തിന്റെ അനുമതി (e-Mandate) ആവശ്യമാണ്. ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാനായി നിലവില്‍ 15,000 രൂപയ്ക്കുമേലുള്ള റെക്കറിംഗ് ഇടപാടിനാണ് ഈ അഡിഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (AFA) നിര്‍ബന്ധം.
ഇന്നത്തെ ധനനയത്തില്‍ ഈ പരിധി റിസര്‍വ് ബാങ്ക് ചില മേഖലകള്‍ക്ക് ഒരുലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മ്യൂച്വല്‍ഫണ്ട്, ഇന്‍ഷ്വറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ് എന്നിവയ്ക്കാണ് നിലവിലെ ഇളവ് ബാധകം. മറ്റ് മേഖലകളിൽ 15,000 രൂപയെന്ന പരിധി തുടരും.
നിലവിലെ 15,000 രൂപയെന്ന പരിധിക്കുമേല്‍ 8.5 കോടിപ്പേര്‍ രാജ്യത്ത് ഇ-മാന്‍ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസം ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യുന്നത് 2,800 കോടി രൂപയാണ്. മ്യൂച്വല്‍ഫണ്ട്, ഇന്‍ഷ്വറന്‍സ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ് ഇടപാടുകളാണ് ഇതില്‍ കൂടുതലുമെന്ന് വിലയിരുത്തിയാണ് നിലവില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
മാറാതെ പലിശനിരക്ക്
തുടര്‍ച്ചയായ അഞ്ചാം തവണയും അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഇന്ന് ധനനയവും പ്രഖ്യാപിച്ചു. റിപ്പോനിരക്ക് ഇതുപ്രകാരം 6.50 ശതമാനത്തിൽ തുടരും. ഫലത്തില്‍ ബാങ്ക് വായ്പാ, നിക്ഷേപ പലിശനിരക്കും മാറ്റമില്ലാതെ തുടരും.
Read DhanamOnline in English
Subscribe to Dhanam Magazine