

പലിശ നിരക്കിലോ സമീപനത്തിലോ മാറ്റ വരുത്താതെ റിസർവ് ബാങ്ക് പണനയ അവലോകനം നടത്തി. വിലക്കയറ്റം വർധിക്കാൻ സാധ്യത ഉണ്ടെന്നു പണനയ കമ്മിറ്റി വിലയിരുത്തി എന്നു ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
റീപോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. എംഎസ്എഫ്, എസ്ഡിഎഫ് എന്നീ താക്കോൽ നിരക്കുകളിലും മാറ്റമില്ല. വായ്പാലഭ്യതയോടു ന്യൂട്രൽ സമീപനം തുടരുന്നതിനും തീരുമാനിച്ചു.
2025-26 ധനകാര്യ വർഷത്തെ ജിഡിപി വളർച്ച നിഗമനം 7.4 ൽ നിന്ന് 7.6 ശതമാനമായി ഉയർത്തി.
2026-27 ൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച 6.9 ശതമാനമാണ്. ഒന്നാം പാദ വളർച്ച പ്രതീക്ഷ 6.9 ൽ നിന്ന് 6.8 ശതമാനമായും രണ്ടാം പാദ പ്രതീക്ഷ ഏഴിൽ നിന്ന് 6.7 ശതമാനമായും താഴ്ത്തി. മൂന്നാം പാദത്തിൽ ഏഴും നാലാം പാദത്തിൽ 7.2 ഉം ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
2025-26ൽ ചില്ലറവിലക്കയറ്റം നാലു ശതമാനമാണ്. അടുത്ത ധനകാര്യ വർഷം അത് 4.6 ശതമാനമായി കൂടും. ഒന്നാം പാദത്തിൽ നാലും രണ്ടാം പാദത്തിൽ 4.4 ഉം മൂന്നാം പാദത്തിൽ 5.2 ഉം നാലാം പാദത്തിൽ 4.7 ഉം ശതമാനം വിലക്കയറ്റമാണു പ്രതീക്ഷ.
പ്രതീക്ഷിച്ച രീതിയിൽ റിസർവ് ബാങ്ക് തീരുമാനം വന്നതു മൂലം ഓഹരി സൂചികകളിൽ വലിയ ചാഞ്ചാട്ടമുണ്ടായില്ല. നിഫ്റ്റി 23,900 നും സെൻസെക്സ് 77,300 നും ബാങ്ക് നിഫ്റ്റി 55,235 നും അടുത്തു നിന്നു. ഡോളർ 92.60 രൂപയിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine