വീണ്ടും പലിശ നിരക്ക് ഉയര്‍ത്താന്‍ ആര്‍ബിഐ, 0.35 -0.50 ശതമാനം വരെ വര്‍ധിപ്പിച്ചേക്കും
ഈ മാസം നടക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മോണിറ്ററി പോളിസി കമ്മിറ്റിയില്‍ വീണ്ടും റീപോ റേറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത. പലിശ നിരക്കില്‍ 0.35 മുതല്‍ 0.50 ശതമാനം വരെ ( 35-50 bps) വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 3-5 വരെയാണ് മോണിറ്ററി പോളിസി കമ്മിറ്റ യോഗം ചേരുന്നത്.
ആര്‍ബിഐ മറ്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പലിശ നിരക്കാണ് റീപോ റേറ്റ്. ഉപഭോകതൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.01 ശതമാനത്തിലേക്ക് കുറഞ്ഞ സാഹചര്യത്തില്‍ നടുപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ പ്രവചനം 6.7 ശതമാനമായി കമ്മിറ്റി പുതുക്കി നിശ്ചയിക്കുമെന്നാണ് വിലയിരുത്തല്‍. അതേ സമയം ജൂണ്‍ മാസത്തെ അപേക്ഷിച്ച് സാധനങ്ങളുടെ വില ഉയര്‍ന്നിട്ടുണ്ട്.
പലിശ നിരക്ക് 0.25 ശതമാനം ഉയര്‍ത്തിയാല്‍ റീപോ റേറ്റ് കോവിഡിന് മുന്‍പുള്ള 5.15 ശതമാനം എന്ന നിലയിലേക്ക് തിരിച്ചെത്തും. നിലവില്‍ 4.90 ശതമാനം ആണ് റീപോ റേറ്റ്. കഴിഞ്ഞ ജൂണില്‍ റീപോ റേറ്റ് 0.50 ശതമാനം ഉയര്‍ത്തിയിരുന്നു.