Begin typing your search above and press return to search.
റിസര്‍വ് ബാങ്കിന് ശുഭപ്രതീക്ഷ: ഈ വര്‍ഷം ഇന്ത്യ 6.5% വളരും
പ്രതിസന്ധികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറുകയാണെന്നും നടപ്പുവര്‍ഷം (2023-24) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 6.5 ശതമാനം വളരുമെന്നും റിസര്‍വ് ബാങ്ക്. ഫെബ്രുവരിയിലെ യോഗത്തില്‍ പറഞ്ഞിരുന്നത് ഇന്ത്യ 6.4 ശതമാനം വളരുമെന്നായിരുന്നു. മാര്‍ച്ച് 31ന് സമാപിച്ച 2022-23ല്‍ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളര്‍ച്ച 7 ശതമാനമാണ്.
രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കാര്‍ഷികോത്പാദനം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. വ്യാവസായിക രംഗത്തെ സൂചികകളുടെ പ്രകടനവും മെച്ചമാണ്. സ്വകാര്യ ഉപഭോഗത്തില്‍ അല്പം കുറവുണ്ടായെങ്കിലും ജനുവരി-മാര്‍ച്ചില്‍ മൊത്തം ഡിമാന്‍ഡില്‍ ഉണര്‍വുണ്ടായി. ട്രാക്ടറും ടൂവീലറും ഉള്‍പ്പെടെ വാഹനവിപണിയില്‍ വന്‍ വളര്‍ച്ചയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിതരണം കൂടി. സേവന കയറ്റുമതിയിലെ ഉണര്‍വും നേട്ടമാണ്.
ആഗോളതലത്തില്‍ നിന്ന് വെല്ലുവിളികളുണ്ടെങ്കിലും നടപ്പുവര്‍ഷം ഇന്ത്യ 6.5 ശതമാനത്തില്‍ കുറയാത്ത വളര്‍ച്ച നേടുമെന്നാണ് കരുതുന്നതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഒന്നാംപാദമായ ഏപ്രില്‍-ജൂണില്‍ വളര്‍ച്ച 7.8 ശതമാനമായിരിക്കും. ജൂലായ്-സെപ്തംബറില്‍ 6.2 ശതമാനം, ഒക്ടോബര്‍-ഡിസംബറില്‍ 6.1 ശതമാനം, ജനുവരി-മാര്‍ച്ചില്‍ 5.9 ശതമാനം എന്നിങ്ങനെയും വളര്‍ച്ച പ്രതീക്ഷിക്കുന്നു.
പണപ്പെരുപ്പം താഴേക്ക്
വൈദേശികമായി ഉയര്‍ന്ന സാമ്പത്തിക പ്രതിസന്ധികള്‍ ഇന്ത്യയെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ക്രൂഡോയില്‍ വില ബാരലിന് ശരാശരി 85 ഡോളറും മെച്ചപ്പെട്ട മണ്‍സൂണും (മഴക്കാലം) വിലയിരുത്തി 2023-24ല്‍ പണപ്പെരുപ്പം ശരാശരി 5.2 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തി. ഇത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ 6 ശതമാനത്തിനും താഴെ ആയതിനാല്‍ നടപ്പുവര്‍ഷം പലിശഭാരം കുത്തനെ കൂട്ടാന്‍ സാദ്ധ്യതയില്ല.
എന്നാല്‍, പ്രതിസന്ധികള്‍ ആഞ്ഞടിക്കുകയും ക്രൂഡ് വില കൂടുന്നത് അടക്കമുള്ള വെല്ലുവിളികള്‍ ഉണ്ടാവുകയും ചെയ്താല്‍ സ്ഥിതിമാറും. ഈ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം 5.1 ശതമാനമാണ്. ജൂലായ്-സെപ്തംബറിലും ഒക്ടോബര്‍-ഡിസംബറിലും 5.4 ശതമാനം. ജനുവരി-മാര്‍ച്ചില്‍ 5.2 ശതമാനം.
Next Story