സ്വര്‍ണം തരിമ്പും വിറ്റിട്ടില്ല; വാര്‍ത്തകള്‍ തള്ളി ആര്‍ബിഐ, കരുതല്‍ ശേഖരത്തില്‍ മാറ്റമില്ല

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യാജമെന്ന് കേന്ദ്ര ധനമന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും; രാജ്യത്തിന്റെ പക്കലുള്ളത് 880.52 ടണ്‍ ഭൗതിക സ്വര്‍ണം
Gold bars
Published on

രൂപയുടെ മൂല്യത്തകര്‍ച്ച തടയാനും വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ത്താനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും. മേയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഐ 1,200 കോടി ഡോളറിന്റെ (ഏകദേശം 1 ലക്ഷം കോടി രൂപയിലധികം) സ്വര്‍ണം വിറ്റഴിച്ചെന്നായിരുന്നു ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും രാജ്യത്തിന്റെ പക്കലുള്ള ഭൗതിക സ്വര്‍ണ ശേഖരത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നും ആര്‍ബിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സ്വര്‍ണ ശേഖരം സുരക്ഷിതം; കണക്കുകള്‍ ഇങ്ങനെ

രാജ്യത്തിന്റെ ഭൗതിക സ്വര്‍ണ ശേഖരം നിലവില്‍ 880.52 മെട്രിക് ടണ്ണായി തന്നെ തുടരുകയാണെന്ന് ആര്‍ബിഐ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ ശേഖരത്തില്‍ നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2025 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 879.58 മെട്രിക് ടണ്ണായിരുന്നു ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം. ഇതില്‍ നിന്നാണ് നിലവിലെ സ്വര്‍ണ സമ്പാദ്യം 880.52 ടണ്ണിലേക്ക് ഉയര്‍ന്നത്. അതായത്, ഒരു വര്‍ഷത്തിനിടെ സ്വര്‍ണ ശേഖരത്തില്‍ 0.94 മെട്രിക് ടണ്ണിന്റെ വര്‍ധന ഉണ്ടായി.

മൊത്തം സ്വര്‍ണ ശേഖരത്തില്‍ 312.32 മെട്രിക് ടണ്‍ ഇഷ്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലും ബാക്കി 568.20 മെട്രിക് ടണ്‍ ബാങ്കിംഗ് ഡിപ്പാര്‍ട്ട്മെന്റിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടായ താല്‍ക്കാലിക വ്യതിയാനം അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസവും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കാരണമാണെന്നും ആര്‍ബിഐ വ്യക്തമാക്കി.

വിദേശനാണ്യ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് വര്‍ധിച്ചു

മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ (Forex Reserves) സ്വര്‍ണത്തിന്റെ പങ്ക് വലിയ രീതിയില്‍ വര്‍ധിച്ചതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബര്‍ അവസാനം 13.92 ശതമാനമായിരുന്നത് 2026 മാര്‍ച്ച് 31 ന് 16.70 ശതമാനവും മേയ് 22ന് 16.85 ശതമാനവുമായി.

മേയ് മാസത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്ക് പോയപ്പോള്‍ വിദേശനാണ്യ വിപണിയില്‍ ആര്‍ബിഐ ഇടപെട്ടിരുന്നു. എന്നാല്‍ ഇതിനായി സ്വര്‍ണം വില്‍ക്കുകയല്ല, മറിച്ച് 750 കോടി ഡോളറിന്റെ വിദേശ കറന്‍സി ആസ്തികള്‍ വാങ്ങുകയാണ് ചെയ്തതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. 2026 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരം 691.11 ബില്യണ്‍ ഡോളറാണ്. മുന്‍വര്‍ഷമിത് 668.33 ബില്യണ്‍ ഡോളറായിരുന്നു.

കേന്ദ്ര ധനമന്ത്രാലയവും ആര്‍ബിഐയും നേരിട്ട് വ്യക്തത വരുത്തിയതോടെ ആഗോള തലത്തിലും ആഭ്യന്തര വിപണിയിലുമുള്ള ആശങ്കകള്‍ക്ക് വിരാമമായി. ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനിലൂടെ സ്വര്‍ണ ശേഖരത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടുന്നുണ്ടെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം പൊതുജനങ്ങള്‍ ആശ്രയിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

The Reserve Bank of India and the Finance Ministry dismissed media reports claiming the central bank sold $12 billion worth of gold reserves to support the rupee.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com