

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ആര്‍ബിഐ (RBI). നിലവിലുള്ള ഇന്ത്യന്‍ കറന്‍സിയുടെ എല്ലാ സവിശേഷതകളും ഡിജിറ്റല്‍ രൂപയ്ക്കും (e -rupee) ഉണ്ടാവും. ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാം. ടോക്കണ്‍ അല്ലെങ്കില്‍ അക്കൗണ്ട് അടിസ്ഥാനമാക്കിയാവും ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി എത്തുക.
കറന്‍സികള്‍ക്ക് സമാനമായി പ്രത്യേക ഡിനോമിനേഷനിലുള്ള ടോക്കണുകളിലൂടെ ഉപയോഗിക്കുന്നവയാണ് ടോക്കണ്‍ അടിസ്ഥാനമാക്കിയുള്ള സിബിഡിസി. അക്കൗണ്ടുകളിലൂടെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തുന്ന രീതിയാണ് രണ്ടാമത്തേത്. വിവിധ ഘട്ടങ്ങളിലൂടെയാണ് ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുക. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിബിഡിസി നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ അവതരിപ്പിക്കുമെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു.
ഹോള്‍സെയില്‍, റീട്ടെയില്‍ എന്നിങ്ങനെ ഉപയോഗിക്കുന്ന രീതി അനുസരിച്ച് രണ്ട് തരം ഡിജിറ്റല്‍ കറന്‍സികള്‍ ഉണ്ടാവും. ധനകാര്യസ്ഥാപനങ്ങള്‍ തമ്മില്‍ നടത്തുന്ന ഇടപാടുകള്‍ക്കാവും ഹോള്‍സെയില്‍ സിബിഡിസി ഉപയോഗിക്കുക. റീട്ടെയില്‍ സിബിഡിസി ആണ് സാധാരണ കറന്‍സി പോലെ ഉപയോഗിക്കാന്‍ സാധിക്കുന്നവ. റീട്ടെയില്‍ സിബിഡിസി ടോക്കണ്‍ അടിസ്ഥാനമാക്കി ആയിരിക്കും എന്നാണ് റിപ്പോര്‍പ്പ്.
ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍, ചൈന, റഷ്യ, കസാഖിസ്ഥാന്‍ ഉള്‍പ്പടെയുള്ളവര്‍ സിബിഡിസി അവതരിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. അറ്റ്ലാന്റിക് കൗണ്‍സിലിന്റെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് 11 രാജ്യങ്ങളിലാണ് നിലവില്‍ സിബിഡിസി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുള്ളത്. ബഹ്‌മാസ്, ജമൈക്ക,ഇക്കഡോര്‍, ഈസ്റ്റേണ്‍ കരീബിയന്‍ (8 രാജ്യങ്ങള്‍), സെനഗല്‍, നൈജീരിയ എന്നിവയാണ് ഈ രാജ്യങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine