പ്രവാസികൾക്കുള്ള ആ 'ബംപർ പദ്ധതി' തിടുക്കത്തിൽ പിൻവലിക്കുന്നത് എന്തുകൊണ്ട്? പ്രതികരണവുമായി ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര

പദ്ധതി നേരത്തെ അവസാനിപ്പിച്ചത് ബാങ്കിംഗ് മേഖലയില്‍ ചില ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു.
Hands Holding Us Dollar Bills and percentage symbol
പ്രതീകാത്മക ചിത്രംImage Source: Canva
Published on

പ്രവാസികള്‍ക്കായുള്ള കേന്ദ്ര ബാങ്ക് എഫ്.സി.എന്‍.ആര്‍ (ബി) - (FCNR-B) പ്രത്യേക നിക്ഷേപ പദ്ധതി കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് അവസാനിപ്പിക്കുന്ന നടപടിയില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. വിപണിയിലെ വിദേശ നാണയ ലഭ്യതയും (Liquidity) ബാങ്കുകളിലേക്കുള്ള എന്‍.ആര്‍.ഐ (NRI) ഫണ്ടിന്റെ ഒഴുക്കും കൃത്യമായി വിലയിരുത്തി എടുത്ത ഡാറ്റ അധിഷ്ഠിത (Data-driven) തീരുമാനമാണിതെന്നും, അല്ലാതെ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള നയപരമായ പിന്മാറ്റമല്ലെന്നുമാണ് (Policy U-turn) ഗവര്‍ണര്‍ വ്യക്തമാക്കുന്നത്

പദ്ധതി നേരത്തെ അവസാനിപ്പിച്ചത് ബാങ്കിംഗ് മേഖലയില്‍ ചില ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐ ഗവര്‍ണറുടെ നിര്‍ണായകമായ ഈ വിശദീകരണം.

തീരുമാനത്തിന് പിന്നില്‍ വിപണിയിലെ മാറ്റങ്ങള്‍

പ്രവാസി ഇന്ത്യാക്കാരില്‍ നിന്നും ബാങ്കുകള്‍ വഴി ഡോളര്‍ അടക്കമുള്ള വിദേശ നാണയ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഇക്കഴിഞ്ഞ ജൂണിലാണ് ആര്‍.ബി.ഐ എഫ്.സി.എന്‍.ആര്‍ (ബി) പദ്ധതിക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30 വരെയായിരുന്നു പദ്ധതിക്ക് കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു മാസം മുന്‍പേ ഓഗസ്റ്റ് 31ന് പദ്ധതി പിന്‍വലിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ആര്‍ബിഐ അറിയിച്ചത്.

എഫ്.സി.എന്‍.ആര്‍ (ബി) വഴി ബാങ്കുകള്‍ ഇതിനകം 57 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു കഴിഞ്ഞു. ഓഗസ്റ്റിലെ ബാക്കി ദിവസങ്ങളില്‍ മാത്രം 25 മുതല്‍ 30 ബില്യണ്‍ ഡോളര്‍ വരെ എത്തിയേക്കുമെന്നും, ആകെ നിക്ഷേപം 85 ബില്യണ്‍ ഡോളര്‍ വരെ ഉയരുമെന്നുമാണ് എസ്.ബി.ഐ റിസര്‍ച്ച് വിലയിരുത്തുന്നത്.

എഫ്.സി.എന്‍.ആര്‍ (ബി), എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ്‌സ് (ECB), വിദേശ നാണയ വായ്പകള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ആകെ 80 ബില്യണ്‍ ഡോളറിലധികം ഇന്ത്യയിലെത്തുമെന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ.

ആഗോള പ്രതിസന്ധിയും വിദേശ മൂലധനം പുറത്തേക്ക് ഒഴുകിയതും രൂപയ്ക്ക് വലിയ തിരിച്ചടിയായ ഘട്ടത്തിലാണ് ആര്‍.ബി.ഐ ഈ പ്രത്യേക ആനുകൂല്യ പദ്ധതി അവതരിപ്പിച്ചത്. ബാങ്കുകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ പലിശ നിരക്കുകള്‍ നല്‍കാനുള്ള ഇളവും അന്ന് നല്‍കിയിരുന്നു.

എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ബാങ്കുകളില്‍ എന്‍.ആര്‍.ഐ നിക്ഷേപം ഗണ്യമായി വര്‍ധിച്ചു. വിദേശ നാണയ ശേഖരം ശക്തമായ നിലയിലായതോടെ ഇത്തരം സൗജന്യങ്ങളോ പ്രത്യേക ആനുകൂല്യങ്ങളോ നല്‍കി ബാങ്കുകള്‍ കൂടുതല്‍ ഡോളര്‍ സമാഹരിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ആര്‍.ബി.ഐ വിലയിരുത്തി. തുടര്‍ന്നാണ് പദ്ധതി മുന്‍കൂട്ടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

വിദേശ നാണയ ശേഖരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും, ബാങ്കിംഗ് മേഖലയ്ക്ക് ക്രമീകരണങ്ങള്‍ നടത്താന്‍ രണ്ടാഴ്ചയിലധികം സമയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ബാങ്കുകള്‍ക്കും എന്‍.ആര്‍.ഐ വിപണിക്കും നിര്‍ണായകം

എന്‍.ആര്‍.ഐ നിക്ഷേപങ്ങളെയും എഫ്.സി.എന്‍.ആര്‍ (ബി) അക്കൗണ്ടുകളെയും ഏറ്റവും അധികം ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയ പ്രമുഖ കേരള ബാങ്കുകള്‍ക്ക് വലിയ തോതില്‍ പ്രവാസി നിക്ഷേപമുണ്ട്.

പദ്ധതിയുടെ പെട്ടെന്നുള്ള അവസാനിപ്പിക്കല്‍ പ്രവാസി നിക്ഷേപ നിരക്കുകളില്‍ മാറ്റം വരുത്താന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കുമെങ്കിലും, നിലവിലെ ഉയര്‍ന്ന എന്‍.ആര്‍.ഐ ഒഴുക്ക് ബാങ്കുകളുടെ ലിക്വിഡിറ്റിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. എന്‍.ആര്‍.ഐ നിക്ഷേപകര്‍ക്ക് സാധാരണ എഫ്.സി.എന്‍.ആര്‍ പദ്ധതികള്‍ വഴി തുടര്‍ന്നും തുക നിക്ഷേപിക്കാനാകും.

സാമ്പത്തിക നയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം തന്നെ, വിപണിയിലെ വിവരങ്ങള്‍ക്കനുസരിച്ച് സൗകര്യപ്രദമായി മാറ്റങ്ങള്‍ വരുത്താനുള്ള ആര്‍.ബി.ഐയുടെ മികവാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

RBI Governor Sanjay Malhotra clarifies that the early termination of the FCNR(B) scheme was a calculated, data-driven move based on liquidity, not a policy U-turn.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com