പ്ലേസ്‌മെന്റില്ല, ശമ്പളവും കുറവ്; ക്യാമ്പസുകളുടെ സ്വപ്നം തല്ലിക്കെടുത്തി മാന്ദ്യം

പല വിദ്യാര്‍ത്ഥികളിലും ഈ സംഭവവികാസങ്ങള്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്
Recession crushed the dream of campuses
Image courtesy: canva
Published on

ബിരുദധാരികളായ തൊഴിലന്വേഷകര്‍ക്ക് മുന്നിലുള്ളത് അത്ര നല്ല സമയമല്ല. ക്യാമ്പസ് നിയമനങ്ങളില്‍ ഇടിവുണ്ടാകുകയും ശമ്പളം കുറയുകയും ചെയ്തിട്ടുണ്ട്. ഒന്നുകില്‍ റിക്രൂട്ടര്‍മാര്‍ കുറഞ്ഞു, അല്ലെങ്കില്‍ അവര്‍ വാഗ്ദാനം ചെയ്യുന്ന ശമ്പളം തൊഴിലന്വേഷകര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറവാണ് എന്ന സ്ഥിതിയായി. ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്‌കൂളുകളിലെയും എന്‍ജിനീയറിംഗ് കോളെജുകളിലെയുമെല്ലാം കഥ ഇതു തന്നെ.

പുതിയ നിയമനങ്ങളില്ല

ബിസിനസ് ദുര്‍ബലമാകുമെന്ന നിരീക്ഷണം, പ്രത്യേകിച്ച് ഐ.ടി മേഖലയില്‍, പല ഐ.ടി കമ്പനികളെയും നിയമനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനോ കുറച്ചു പേരെ മാത്രം എടുക്കുന്നതിനോ പ്രേരിപ്പിക്കുന്നു. വാസ്തവത്തില്‍, ലാഭം നിലനിര്‍ത്താനായി പല സ്ഥാപനങ്ങളും പ്രവര്‍ത്തന ചെലവ് ഗണ്യമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ നല്‍കിയിരിക്കുന്ന നിയമന വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും ഈ വര്‍ഷം ഇനി പുതിയ നിയമനത്തിന് തയാറല്ലെന്നും വിപ്രോ പറയുന്നു.

ഇന്‍ഫോസിസും ഈ വര്‍ഷത്തെ ക്യാമ്പസ് നിയമനങ്ങള്‍ ഒഴിവാക്കാനാണ് സാധ്യത. പേരുകേട്ട ബിസിനസ് സ്‌കൂളുകളും ഐ.ഐ.ടികളും വരെ ഈ പ്രശ്‌നം നേരിടുന്നുണ്ട്. ഉദാഹരണത്തിന് സാധാരണയായി ആദ്യ ദിനം തന്നെ 65% ബിരുദധാരികള്‍ക്കും നിയമനം ലഭിക്കാറുള്ള ഐ.എസ്.ബിയില്‍ ഈ വര്‍ഷം ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ എടുത്തത് 45% പേരെ മാത്രമാണ്. ഈ വര്‍ഷം ശരാശരി ശമ്പള പാക്കേജിലും കുറവുണ്ടായി. തൊഴിലുടമകളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ബിരുദധാരികളായ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതും ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.

പ്ലേസ്‌മെന്റില്‍ ഒരു കുതിപ്പ് പ്രതീക്ഷിച്ച് പല മാനേജ്‌മെന്റ്, ടെക്‌നോളജി വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ബിഗ് ത്രീ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ പല തൊഴില്‍ദാതാക്കളും ഇത്തവണ പൂര്‍ണമായും നിയമനം ഒഴിവാക്കുകയോ കുറച്ചു പേരെ മാത്രം എടുക്കുകയോ ചെയ്യുകയാണുണ്ടായത്.

പുതിയ സാധ്യതകള്‍

പല വിദ്യാര്‍ത്ഥികളിലും ഈ സംഭവവികാസങ്ങള്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കാരണം വിദ്യാഭ്യാസ വായ്പയെടുത്തും മറ്റുമാണ് അവരില്‍ ഭൂരിഭാഗവും പഠനത്തിനുള്ള പണം കണ്ടെത്തിയത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ ഫീസ് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു മേഖലകളില്‍ സാധ്യതകള്‍ തേടുക എന്നതാണ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ചെയ്യാവുന്ന ഒരു കാര്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പുതിയ മേഖലകളും ജോലി സാധ്യതകളും ഉയര്‍ന്നുവരുന്നുണ്ട്. പല ടെക്‌നോളജി ഇതര കമ്പനികള്‍ക്കും അവരുടെ ഡിജിറ്റല്‍ പരിവര്‍ത്തന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനായി എന്‍ജിനീയറിംഗ് ബിരുദധാരികളെ ആവശ്യമുണ്ട് എന്നതാണ് ഒരു നല്ല വാര്‍ത്ത.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com