ഒരു ദിവസം 76 കിലോമീറ്റര്‍, ദേശീയപാത നിര്‍മാണത്തില്‍ റെക്കോര്‍ഡ്

ജനുവരി എട്ടിന് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ 534 കിലോമീറ്ററിന്റെ നിര്‍മാണം ദേശീയപാതയില്‍ നടത്തിയതായി കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു. ശരാശരി ഒരുദിസവം 76 കിലോമീറ്ററാണ് പുതുതായി ദേശീയപാതയില്‍ കൂട്ടിച്ചേര്‍ത്തത്.

നടപ്പ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി 15 വരെ 8,169 കിലോമീറ്റര്‍ ദേശീയപാത മന്ത്രാലയം നിര്‍മ്മിച്ചിട്ടുണ്ട്, അതായത് പ്രതിദിനം 28.16 കിലോമീറ്റര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7,573 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു. പ്രതിദിനം 26.11 കിലോമീറ്റര്‍ വേഗതയില്‍.
മാര്‍ച്ച് 31 നകം ദേശീയപാതയില്‍ 11,000 കിലോമീറ്റര്‍ നിര്‍മാണമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഈ വേഗതയില്‍ ലക്ഷ്യം കൈവരിക്കാനാകുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.
2020 ഏപ്രില്‍ - 221 ജനുവരി 15 കാലയളവില്‍ 7,597 കിലോമീറ്റര്‍ ദേശീയപാത പ്രോജക്ടുകള്‍ക്കാണ് മന്ത്രാലയം അനുമതി നല്‍കിയത്. 2019-20 ല്‍ ഇതേ കാലയളവില്‍ 3,474 കിലോമീറ്റര്‍ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. അനുമതി നല്‍കുന്നതിന്റെ വേഗത ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയിലധികമായി.
'കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി അടച്ചിട്ടതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങള്‍ നഷ്ടപ്പെട്ടുവെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ നേട്ടം പ്രാധാന്യമര്‍ഹിക്കുന്നതാണ്' മന്ത്രാലയം വ്യക്തമാക്കി.
നിര്‍മാണ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളില്‍ നിര്‍മാണ വേഗത ഇനിയും ഉയരുമെന്നും മന്ത്രാലയം അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it