പ്രവാസി പണമൊഴുക്ക് 2023ല്‍ കുറഞ്ഞു

ഈ വര്‍ഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. അമേരിക്കയിലെ വന്‍കിട ഐ.ടി കമ്പനികളിലെ കൂട്ട പിരിച്ചുവിടല്‍ മൂലം നിരവധി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നതാണ് പ്രധാനമായും പണമൊഴുക്ക് കുറയ്ക്കാനിടയാക്കിയത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തിന്റെ 36 ശതമാനവും യു.എസ്, യു.കെ, സിംഗപ്പൂര്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലെ ഐ.ടി മേഖലയില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയില്‍ ഇടിവുണ്ടായതും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പണമയക്കല്‍ കുറച്ചു.

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ പണമൊഴുക്ക് നടക്കുന്നത് ഇന്ത്യയിലേക്കാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കെത്തുന്ന പണമൊഴുക്കിന്റെ 60 ശതമാനവും ഇന്ത്യയിലേക്കാണ് വരുന്നത്. 2022 ല്‍ 11,100 കോടി ഡോളര്‍(9.09 ലക്ഷം കോടി) വിദേശ പണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. മെക്‌സിക്കോ(61 ബില്യണ്‍ ഡോളര്‍), ചൈന(51 ബില്യണ്‍ ഡോളര്‍), ഫിലിപ്പിന്‍സ്(38 ബില്യണ്‍ ഡോളര്‍), പാക്കിസ്ഥാന്‍(30 ബില്യണ്‍ ഡോളര്‍) എന്നിവരായിരുന്നു പിന്നില്‍.

2022 ല്‍ മധ്യ വരുമാന രാജ്യങ്ങളിലേക്കുള്ള പണമയക്കല്‍ വേള്‍ഡ് ബാങ്കിന്റെ പ്രതീക്ഷയേയും മറികടന്ന് 8 ശതമാനം വര്‍ധനയോടെ 64.700 കോടി ഡോളറിലെത്തിയിരുന്നു. അതേസമയം, പ്രധാന രാജ്യങ്ങളിലെല്ലാം വളര്‍ച്ച കുറഞ്ഞതു മൂലം 2023 ല്‍ വിദേശ പണമയക്കല്‍ 1.4 ശതമാനത്തിന്റെ മിതവളര്‍ച്ചയോടെ 65,600 കോടി ഡോളര്‍ ആയിരിക്കുമെന്നാണ് വേള്‍ഡ് ബാങ്ക് പറയുന്നത്.

തൊഴില്‍ നഷ്ടം

യു.എസിലെ പ്രമുഖ ടെക് കമ്പനികള്‍ 2023 ജനുവരിയില്‍ മാത്രം 84,000 പേരെയാണ് പിരിച്ചു വിട്ടത്. ഇത് നിരവധി ഇന്ത്യക്കാരുടെ ജോലി നഷ്ടപ്പെടുത്തി. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ് 11,000 തൊഴിലവസരങ്ങളാണ് വെട്ടിക്കുറച്ചത്. ഗൂഗ്ള്‍ ജീവനക്കാരുടെ എണ്ണത്തില്‍ 6 ശതമാനം കുറവ് വരുത്തിയപ്പോള്‍ 12,000 തൊഴിലവസരങ്ങളാണ് നഷ്ടമായത്. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ 18,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഡെല്‍ ടെക്‌നോളജീസ് 6,650 ജീവനക്കാരെയാണ് ഒഴിവാക്കിയത്.

Related Articles

Next Story

Videos

Share it