പ്രവാസി പണമയയ്ക്കല്‍ പോയവര്‍ഷം 8 ലക്ഷം കോടി കടന്നു

വിദേശത്ത് ഇന്ത്യയിലേക്കുള്ള പണമയയ്ക്കല്‍ 2022-ല്‍ 8 കോടി ലക്ഷം കടന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇതില്‍ 12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 15 ശതമാനം കുറഞ്ഞ് 3 ലക്ഷം കോടി രൂപയായി.

പണമൊഴുക്ക് വര്‍ധിക്കാന്‍ സഹായിച്ചത്

ഖത്തര്‍, സൗദി അറേബ്യ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് വര്‍ധിച്ചതാണ് 8 ലക്ഷം കോടി രൂപ കടക്കാന്‍ സഹായിച്ചത്. ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഉന്നത വിദ്യാഭ്യസത്തിന് ഊന്നല്‍ നല്‍കിയതോടെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടുന്ന ജോലികളിലേക്ക് തിരിഞ്ഞു. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ വൈദഗ്ധ്യം കുറഞ്ഞ, അനൗപചാരിക ജോലികളില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികളിലേക്ക് മാറി. അതായത് ഇത്തരം വിഭാഗങ്ങളിലേക്ക് അവര്‍ ലക്ഷ്യസ്ഥാനങ്ങളെ മാറ്റി. ഇത് പണമൊഴുക്കിന് സഹായിച്ചതായി ലോകബാങ്ക് പറയുന്നു.

കോവിഡ് സമയത്ത് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം, സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ എന്നിവയില്‍ നിന്ന് പ്രയോജനം ലഭിച്ചു. കോവിഡ് കുറഞ്ഞപ്പോള്‍ ചിലര്‍ക്ക് വേതന വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഉയര്‍ന്ന ആഗോള പണപ്പെരുപ്പത്തിനിടയിലും നാട്ടിലേക്ക് പണം അയക്കാന്‍ സഹായിച്ചു. യു.എസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച പണമടയ്ക്കല്‍ ഒഴുക്ക് വര്‍ധിക്കാന്‍ സഹായിച്ചു.

പ്രവണത പുനരാരംഭിച്ചു

2020-21 സാമ്പത്തിക വര്‍ഷം കോവിഡ് മൂലം ഇന്ത്യയിലേക്കുള്ള വ്യക്തിഗത പണം കൈമാറ്റങ്ങളില്‍ തടസ്സം നേരിട്ടിരുന്നു. ഇപ്പോള്‍ തടസ്സങ്ങള്‍ നീങ്ങി സുസ്ഥിരവും വേഗത്തിലുള്ളതുമായ വര്‍ധനവിന്റെ പ്രവണത പുനരാരംഭിച്ചതായി ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് 2022-ല്‍ ഏകദേശം 51 ലക്ഷം രൂപയയച്ചു. ഇത് പ്രതിവര്‍ഷം 5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) ഒഴുക്കിന് തുല്യമായിരുന്നു.

2023-ല്‍ കുറയാന്‍ സാധ്യത

അമേരിക്കന്‍ ഐക്യനാടുകളിലെ പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കാരണം 2023-ല്‍ ഇന്ത്യയില്‍ പണമയയ്ക്കല്‍ ഒഴുക്ക് കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചു. 2023-ല്‍ ദക്ഷിണേഷ്യയിലേക്കുള്ള പണമയയ്ക്കല്‍ വളര്‍ച്ച 0.7 ശതമാനമായി കുറയുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു.

Related Articles
Next Story
Videos
Share it