
ഉപഭോകതൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം (Retail Inflation) മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍. ഒക്ടോബര്‍ മാസം 6.77 ശതമാനം ആയിരുന്നു ചില്ലറ പണപ്പെരുപ്പം. ഒക്ടോബറില്‍ ഇത് 7.41 ശതമാനം ആയിരുന്നു.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പം 8.6ല്‍ നിന്ന് 7.01 ശതമാനം ആയി കുറഞ്ഞു. പച്ചക്കറി, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പത്തിന്റെ തോത് കുറയാന്‍ കാരണം.
ആരോഗ്യ മേഖല, വിദ്യാഭ്യാസം, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സേവന മേഖലയിലെ പണപ്പെരുപ്പം 29 മാസത്തെ താഴ്ന്ന നിലയായ 5.9 ശതമാനത്തില്‍ എത്തി.
പലിശ വര്‍ധനവ് തുടരും
വിലക്കയറ്റത്തില്‍ നേരിയ ആശ്വസമുണ്ടെങ്കിലും റീപോ നിരക്ക് വര്‍ധനവ് ആര്‍ബിഐ തുടരും. ഡിസംബര്‍ 5-7 തീയതികളിലാണു റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) യോഗം ചേരുന്നത്. ഈ വര്‍ഷം ഇതു വരെ നാലു തവണയായി റീപോ നിരക്ക് നാലില്‍ നിന്ന് 5.9 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഡിസംബറിലെ യോഗത്തില്‍ റീപാേ നിരക്ക് 6.25 ശതമാനത്തിലേക്ക് ഉയര്‍ത്തും എന്നാണ് വിലയിരുത്തല്‍. പിന്നീടു ഫെബ്രുവരിയിലോ ഏപ്രിലിലോ നിരക്ക് 6.5 ശതമാനമാക്കുന്നതാേടെ ഇപ്പോഴത്തെ നിരക്കു വര്‍ധന സമാപിക്കുമെന്നാണു പ്രതീക്ഷ. നവംബര്‍ മൂന്നിനാണ് എംപിസി പ്രത്യേക യോഗം ചേര്‍ന്നത്. തുടര്‍ന്ന് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിക്കാത്തിന്റെ കാരണങ്ങള്‍ കാട്ടി കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ടും എംപിസി നല്‍കിയിരുന്നു.
റീപോയും റിവേഴ്‌സ് റീപോയും
വാണിജ്യ ബാങ്കുകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന/ഹ്രസ്വകാല വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ബാങ്കുകള്‍ക്കു തങ്ങളുടെ റിസര്‍വ് നിബന്ധനകള്‍ പാലിക്കാനും മറ്റുമാണ് ഇങ്ങനെ വായ്പാ സഹായം വേണ്ടിവരുന്നത്.
റിസര്‍വ് ബാങ്കിനു സാധാരണ വായ്പ അനുവദിക്കുന്ന വ്യവസ്ഥ ഇല്ല. അതിനാല്‍ ബാങ്കുകള്‍ തങ്ങളുടെ പക്കലുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ റിസര്‍വ് ബാങ്കിനു നല്‍കി പണം കൈപ്പറ്റുകയാണു ചെയ്യുന്നത്. പിന്നീട് അവ പണം നല്‍കി തിരിച്ചു വാങ്ങും. ആ ക്രമീകരണത്തിനുള്ള പലിശയാണു റീപാേ (റീ പര്‍ച്ചേസ് ) നിരക്ക്.
ബാങ്കുകളുടെ പക്കല്‍ അധിക പണം (മിച്ചം) ഉള്ളപ്പോള്‍ അതു കൊടുത്തു റിസര്‍വ് ബാങ്കില്‍ നിന്ന് കടപ്പത്രം വാങ്ങാറുണ്ട്. ഇതും ഏകദിന ക്രമീകരണമാണ്. ഇതിന്റെ പലിശയാണു റിവേഴ്‌സ് റീപോ. ബാങ്ക് വിപണിയില്‍ പണലഭ്യത കുറയുമ്പോള്‍ റീപോ നിരക്കു താഴ്ത്തി നിര്‍ത്തും. പണലഭ്യത കൂടുമ്പോള്‍ റിവേഴ്‌സ് റീപാേ നിരക്ക് കൂട്ടി ബാങ്കുകള്‍ക്കു കൂടുതല്‍ പണം കിട്ടാന്‍ സൗകര്യം ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine