രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞിട്ടും കേരളത്തില്‍ കൂടി; സംസ്ഥാനത്ത് മാര്‍ച്ചിലെ വിലക്കയറ്റം 7 മാസത്തെ ഉയരത്തില്‍

ദേശീയതലത്തില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പം (Retail/CPI Inflation) കഴിഞ്ഞമാസം (March 2024) 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടും കേരളത്തില്‍ പക്ഷേ കൂടി. ഫെബ്രുവരിയിലെ 4.64 ശതമാനത്തില്‍ നിന്ന് 4.84 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം സംസ്ഥാനത്ത് പണപ്പെരുപ്പം ഉയര്‍ന്നത്. കഴിഞ്ഞ 7 മാസത്തിനിടയിലെ ഏറ്റവും രൂക്ഷമായ പണപ്പെരുപ്പമാണിത്.
സംസ്ഥാനത്ത് ഗ്രാമങ്ങളില്‍ കഴിഞ്ഞമാസം 4.82 ശതമാനവും നഗരങ്ങളില്‍ 5 ശതമാനവുമാണ് പണപ്പെരുപ്പമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയില്‍ 6.51 ശതമാനവും ഓഗസ്റ്റില്‍ 6.26 ശതമാനവും രേഖപ്പെടുത്തിയശേഷം കേരളത്തില്‍ പണപ്പെരുപ്പം പിന്നീട് കുത്തനെ താഴ്ന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ 4.04 ശതമാനത്തിലും എത്തിയിരുന്നു.
ഇന്ത്യയില്‍ തന്നെ പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലൊന്നുമായിരുന്നു കേരളം. എന്നാല്‍, കഴിഞ്ഞ രണ്ടുമാസങ്ങളില്‍ പണപ്പെരുപ്പം കൂടിയതോടെ ഈ നേട്ടം കേരളം കൈവിട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദേശീയതലത്തില്‍ മികച്ച ആശ്വാസം
റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും മാനദണ്ഡമാക്കുന്നത് റീറ്റെയ്ല്‍ പണപ്പെരുപ്പമാണ്. ഇത് 4 ശതമാനമായി കുറയ്ക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. അതേസമയം, രണ്ട് ശതമാനത്തിലേക്ക് താഴ്ന്നാലോ 6 ശതമാനം വരെയായി ഉയര്‍ന്നാലോ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുമുണ്ട്.
കഴിഞ്ഞമാസം 4.85 ശതമാനമാണ് ദേശീയതലത്തില്‍ പണപ്പെരുപ്പം. കഴിഞ്ഞ 10 മാസത്തെ ഏറ്റവും താഴ്ചയാണിത്. ഫെബ്രുവരിയില്‍ 5.09 ശതമാനമായിരുന്നു. അതേസമയം, ഗ്രാമങ്ങളിലെ പണപ്പെരുപ്പം കഴിഞ്ഞമാസം 5.34 ശതമാനത്തില്‍ നിന്ന് 5.45 ശതമാനത്തിലേക്ക് കൂടിയത് ആശങ്കയാണ്. ഗ്രാമീണമേഖലകളില്‍ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഈ കണക്ക്. നഗരങ്ങളിലെ നിരക്ക് 4.78 ശതമാനത്തില്‍ നിന്ന് 4.14 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
ഗ്യാസ് വില കുറഞ്ഞത് നേട്ടമായി
ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞമാസങ്ങളില്‍ കൂടിനിന്നതാണ് റിസര്‍വ് ബാങ്കിനെ കൂടുതല്‍ അലോസരപ്പെടുത്തിയിരുന്നത്. മാര്‍ച്ചില്‍ പക്ഷേ ഇത് 8.66 ശതമാനത്തില്‍ നിന്ന് 8.52 ശതമാനത്തിലേക്ക് കുറഞ്ഞത് ആശ്വാസമാണ്. കേന്ദ്രസര്‍ക്കാര്‍ എല്‍.പി.ജി വില കുറച്ചതിന്റെ ബലത്തില്‍ കഴിഞ്ഞമാസം ഇന്ധന വിലപ്പെരുപ്പം നെഗറ്റീവ് 3.24 ശതമാനത്തിലേക്ക് താഴ്ന്നതും ആശ്വാസമാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം (2024-25) സാധാരണ മണ്‍സൂണ്‍ തന്നെ ലഭിക്കുമെന്നാണ് കാലാവസ്ഥാ ഏജന്‍സികളുടെ വിലയിരുത്തല്‍. കാലവര്‍ഷം തുണച്ചാല്‍ ഗ്രാമീണമേഖലകളിലും ഉണര്‍വുണ്ടാകും. ഇത് പണപ്പെരുപ്പം ശരാശരി 4.5 ശതമാനമായി നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.
കുറയുമോ പലിശഭാരം?
പണപ്പെരുപ്പം കുറഞ്ഞെങ്കിലും ആശ്വാസിക്കാനായിട്ടില്ലെന്ന് വ്യക്തമാക്കി ഈ മാസാദ്യം നടന്ന ധനനയ നിര്‍ണയ യോഗത്തില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായിരുന്നില്ല. തുടര്‍ച്ചയായ ഏഴാം തവണയാണ് റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ മാറ്റംവരുത്താതിരുന്നത്.
പണപ്പെരുപ്പം മാര്‍ച്ചില്‍ 10 മാസത്തെ താഴ്ചയിലെത്തിയത് ആശ്വാസമാണ്. ഏപ്രിലിലും മേയിലും പണപ്പെരുപ്പം കുറഞ്ഞാല്‍ അടുത്ത ധനനയ നിര്‍ണയ യോഗത്തില്‍ പലിശഭാരം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കും. ജൂണ്‍ 7നാണ് അടുത്ത ധനനയ പ്രഖ്യാപനം.
പണപ്പെരുപ്പത്തില്‍ മുന്നില്‍ ഒഡീഷ
രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതല്‍ ഒഡീഷയിലാണ്; 7.05 ശതമാനം. മുന്‍മാസങ്ങളിലും ഒഡീഷയില്‍ തന്നെയായിരുന്നു വിലക്കയറ്റ നിരക്ക് കൂടുതല്‍. ഏറ്റവും കുറവ് ഡല്‍ഹിയിലാണ്, 2.29 ശതമാനം മാത്രം. അസം (6.08%), ഹരിയാന (6.06%) എന്നിവിടങ്ങളില്‍ ആറ് ശതമാനത്തിലും മുകളിലാണ് പണപ്പെരുപ്പം.
ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും 5 ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പമുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it