സാധനങ്ങളുടെ വിലയില്‍ നേരിയ ഇടിവ് , ചില്ലറ പണപ്പെരുപ്പം കുറഞ്ഞു

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം (retail inflation) 7.04 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വില സൂചികയെ (consumer price index) അടിസ്ഥാനമാക്കിയാണ് ചില്ലറ പണപ്പെരുപ്പം കണക്കാക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഏട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തില്‍ എത്തിയ ശേഷമാണ് മെയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞത്.

ഇന്ധനവില (Fuel Price), ഭക്ഷ്യവില തുടങ്ങിയവയുടെ വിലയില്‍ ഉണ്ടായ നേരിയ ഇടിവാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. 2021 മെയില്‍ 6.3 ശതമാനം ആയിരുന്നു ചില്ലറ പണപ്പെരുപ്പം. അതേ സമയം തുടര്‍ച്ചയായ അഞ്ചാം മാസവും ആര്‍ബിഐയുടെ 2-6 ശതമാനം പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം. 2014ല്‍ 8.33 ശതമാനം എത്തിയതാണ് ഇതിന് മുമ്പത്തെ റെക്കോഡ് നിരക്ക്.

ഗ്രാമീണ മേഖലയില്‍ 7.01 ശതമാനവും നഗര മേഖലയില്‍ 7.09 ശതമാനവും ആണ് മെയ് മാസത്തെ പണപ്പെരുപ്പം. ഏപ്രിലില്‍ ഇത് യഥാക്രമം 8.38 %, 7.9 % എന്നിങ്ങനെയായിരുന്നു. ഭക്ഷ്യോത്പന്ന വിഭാഗത്തില്‍ പണപ്പെരുപ്പം 8.31 ശതമാനത്തില്‍ നിന്ന് 7.97 ശതമാനം ആയി കുറഞ്ഞു. മുന്‍മാസത്തെ അപേക്ഷിച്ച് മെയില്‍ ഇറച്ചി, മീന്‍, പച്ചക്കറി ഉള്‍പ്പടെയുള്ളവയുടെ വില കാര്യമായി ഉയര്‍ന്നിട്ടുണ്ട്.

മുന്‍മാസത്തെ അപേക്ഷിച്ച് പച്ചക്കറിവില അഞ്ച് ശതമാനത്തോളം ആണ് വര്‍ധിച്ചത്. അടുത്ത സെപ്റ്റംബര്‍ വരെയെങ്കലും പണപ്പെരുപ്പം 7 ശതമാനത്തിന് മുകളില്‍ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ റിസര്‍വ് ബാങ്ക് റീപോ റേറ്റ് (Repo Rtae) 6 ശതമാനമാക്കി ഉയര്‍ത്തിയേക്കും.

Related Articles
Next Story
Videos
Share it