പച്ചക്കറികൾ ചതിച്ചാശാനേ... ജൂണിൽ പണപ്പെരുപ്പം കൂടി; കേരളത്തിലും വിലക്കയറ്റം ശക്തം

തക്കാളി ഉള്‍പ്പെടെ നിരവധി പച്ചക്കറികള്‍ക്കും ഭക്ഷ്യോത്പന്നങ്ങള്‍ക്കും വില കത്തിക്കയറിയതോടെ വീണ്ടും കുതിച്ചുയര്‍ന്ന് ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation/CPI Inflation). മേയില്‍ രണ്ടുവര്‍ഷത്തെ താഴ്ചയായ 4.25 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനത്തിലേക്കാണ് കുതിച്ചെത്തിയത്.

മേയില്‍ 2.91 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) 4.49 ശതമാനമായി കുത്തനെ കൂടിയതാണ് കഴിഞ്ഞമാസം മുഖ്യ തിരിച്ചടിയായത്. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.17 ശതമാനത്തില്‍ നിന്നുയര്‍ന്ന് 4.72 ശതമാനത്തിലെത്തി. നഗരങ്ങളിലെ പണപ്പെരുപ്പം 4.27ല്‍ നിന്ന് 4.96 ശതമാനമായും ഉയര്‍ന്നത് കനത്ത ആശങ്കയാണ്.
കേരളത്തില്‍ 5 ശതമാനത്തിന് മുകളില്‍
ഏപ്രിലില്‍ 5.63 ശതമാനമായിരുന്ന കേരളത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം മേയില്‍ 4.48 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. എന്നാല്‍, കൃത്യം ഒരുമാസം പിന്നിടുമ്പോഴേക്കും ജൂണില്‍ പണപ്പെരുപ്പം 5.25 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു.
സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.53 ശതമാനത്തില്‍ നിന്ന് 5.05 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.33 ശതമാനത്തില്‍ നിന്ന് 5.46 ശതമാനത്തിലേക്കും കുത്തനെ വര്‍ദ്ധിച്ചു.
പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തിന് മുകളിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളവും.
തമിഴ്‌നാട് (6.41%), ഉത്തരാഖണ്ഡ് (6.32%), ബിഹാര്‍ (6.16%), ഹരിയാന (6.10%), തെലങ്കാന (5.58%), ഉത്തര്‍പ്രദേശ് (5.53%) എന്നിവയാണ് കേരളത്തിലേക്കാള്‍ പണപ്പെരുപ്പമുള്ളവ.

ഛത്തീസ്ഗഢില്‍ 1.24 ശതമാനം മാത്രമാണ് പണപ്പെരുപ്പം. ഡല്‍ഹി, അസം, മദ്ധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും പണപ്പെരുപ്പം രണ്ട് ശതമാനത്തിന് താഴെയാണ്.

എന്താണ് പ്രതിസന്ധി?
പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതിക്ക് (എം.പി.സി) കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. കഴിഞ്ഞവര്‍ഷം പണപ്പെരുപ്പം കുത്തനെ കൂടിയത് കണക്കിലെടുത്ത് 4 ശതമാനമായിരുന്ന റിപ്പോ നിരക്ക് എം.പി.സി തുടര്‍ച്ചയായി കൂട്ടി 6.50 ശതമാനമാക്കിയിരുന്നു. ഇത് വായ്പാ ഇടപാടുകാരുടെ ഇ.എം.ഐ കൂടാനും വഴിയൊരുക്കിയിരുന്നു.
എന്നാല്‍, പണപ്പെരുപ്പം കുറയുന്നത് പരിഗണിച്ച് കഴിഞ്ഞ ഏപ്രിലിലും ജൂണിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നിലനിറുത്തി. എങ്കിലും, പലിശ കുറയ്ക്കാന്‍ സമയമായിട്ടില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.
ഇപ്പോള്‍ പണപ്പെരുപ്പം വീണ്ടും കൂടുന്ന ട്രെന്‍ഡ് കാണിക്കുന്നതിനാല്‍ സമീപഭാവിയിലെങ്ങും പലിശഭാരം കുറയ്ക്കില്ലെന്ന് ഉറപ്പായി. വരുംമാസങ്ങളിലും പണപ്പെരുപ്പം കൂടിയാല്‍ പലിശനിരക്ക് കൂട്ടാനും റിസര്‍വ് ബാങ്ക് മടിച്ചേക്കില്ല.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it