ഓണമിങ്ങെത്തി; അരിക്കും പച്ചക്കറിക്കും വിലക്കുതിപ്പ്, അനങ്ങാതെ സര്‍ക്കാര്‍

തിരുവോണസദ്യയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് 108 കറികള്‍ക്ക് തുല്യമായ ഗുണങ്ങളും രുചിയുമുള്ള കറിയെന്ന് അറിയപ്പെടുന്ന ഇഞ്ചിക്കറി. സദ്യയ്ക്കുള്ള മറ്റെല്ലാ വിഭവങ്ങളും പോലെ തന്നെ പ്രിയമുള്ള ഒരു വിഭവം. എന്നാല്‍ ഇന്നത്തെ വിപണിയില്‍ ഇഞ്ചിയുടെ വില ഒന്നു നോക്കിയാല്‍ അവിടെ തീരും ഈ പ്രിയമൊക്കെ. കാരണം ഒരു കിലോ ഇഞ്ചിക്ക് ഇന്ന് 240 രൂപയാണ് വില. ഓണമിങ്ങെത്തി നില്‍ക്കുമ്പോള്‍ ഇഞ്ചിക്ക് മാത്രമല്ല സംസ്ഥാനത്ത് അരിയുടേയും ധാന്യങ്ങളുടേയും പച്ചക്കറികളുടേയുമെല്ലാം വില കുതിച്ചുയരുകയാണ്.

അറുതിയില്ലാതെ അരിവിലക്കയറ്റം

ഓണസദ്യയ്ക്ക് ഒരു പിടി ചോറ് വിളമ്പണമെങ്കിലും ഈ വിലക്കയറ്റം ഭീഷണ് തന്നെ. കഴിഞ്ഞ ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയില്‍ അരിക്ക് വിലകൂടിയത്. ഏറെ ഡിമാന്‍ഡുളള ജയ അരി കിലോയ്ക്ക് ഇപ്പോള്‍ 44 രൂപയാണ്. സുരേഖ അരിക്ക് 50 രൂപയും. മലയാളികളുടെ സ്വന്തം പാലക്കാടന്‍ മട്ടയ്ക്ക് വില 54 രൂപയും.

ഇനി പൊന്നിയരി എടുത്താല്‍ കിലോയ്ക്ക് 47 രൂപയാണ് വില. പച്ചരിവില ഒരുമാസം കൊണ്ട് 32 രൂപയില്‍ നിന്ന് 44 രൂപയിലേക്കും ഉയര്‍ന്നു. ബിരിയാണി അരിയായ കൈമ കിലോയ്ക്ക് 129 രൂപയും ബാസ്മതി അരി കിലോയ്ക്ക് 130 രൂപയുമാണെന്ന് കച്ചവടക്കാര്‍. വെറും ഒരാഴ്ച്ചയുടെ വ്യത്യസത്തില്‍ 3 മുതല്‍ 5 രൂപ വരെ പല തരം അരിക്കും ഉയര്‍ന്നതായി പലചരക്ക് വ്യപാരികള്‍ പറയുന്നു.

ഞെട്ടിച്ച് പരിപ്പ്

ധാന്യങ്ങളുടെ കാര്യമെടുത്താലും സ്ഥിതി മറിച്ചല്ല. തീ വിലയാണ് എല്ലാത്തിനും. ധാന്യങ്ങളില്‍ വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഞെട്ടിച്ചത് പരിപ്പിന്റെ വിലയാണെന്ന് ഉപയോക്താക്കളും വ്യാപരികളും ഒരുപോലെ പറയുന്നു. ജൂണില്‍ കിലേയ്ക്ക് 80 രൂപയായിരുന്ന പരിപ്പിന് ഇപ്പോള്‍ വില 120 രൂപയാണ്. 40 രൂപയുടെ വര്‍ധന! വില വര്‍ധനയില്‍ തൊട്ടുപിന്നാലെ ഉഴുന്നുമുണ്ട്.

മുന്‍മാസം കിലോയ്ക്ക് 120 രൂപയായിരുന്ന ഉഴുന്നിന് ഇപ്പോള്‍ 140 രൂപയാണ്. ജൂണില്‍ കിലോയ്ക്ക് 85 രൂപയായിരുന്ന കടലയ്ക്ക് 35 രൂപ വര്‍ധിച്ച് 120 രൂപയാണ് വില. ചെറുപയറിന് കിലോയ്ക്ക് 129 രൂപയും വന്‍പയറിന് കിലോയ്ക്ക് 100 രൂപയുമാണ്. 30 ശതമാനത്തിന് മുകളിലാണ് ഈ വിഭാഗത്തില്‍ കഴിഞ്ഞ ഒരുമാസം കൊണ്ടുണ്ടായ വിലക്കയറ്റം. ധാന്യങ്ങളുടെ ഈ വിലക്കയറ്റവും ജനങ്ങളുടെ നിത്യജീവിതം ദുസ്സഹമാക്കുകയാണ്.

ഇപ്പോഴും പൊള്ളുന്ന പച്ചക്കറി വില

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മഴ കനത്തതോടെ പച്ചക്കറികളുടെ വില കുതിച്ചുയര്‍ന്നിരുന്നു. അതിവേഗത്തില്‍ ഈ വിലക്കയറ്റം ഇപ്പോഴും തുടരുകയാണ്. ഈയടുത്തായി വില വര്‍ധനവിന്റെ കാര്യത്തില്‍ ഡബിള്‍ സെന്‍ച്വറി അടിച്ച തക്കാളി കിലോയ്ക്ക് ഇപ്പോള്‍ 180 രൂപയാണ്. ബീന്‍സിന് 120 രൂപയും. വിലയില്‍ ഞെട്ടിച്ച് മുന്നേറുകയാണ് വെളുത്തുള്ളിയും. കിലോയ്ക്ക് 210 രൂപ.

ഒരു കിലോ ചേനയ്ക്ക് കൊടുക്കണം രൂപ 75. കൂര്‍ക്കയ്ക്കും പാവയ്ക്കക്കും കിലോയ്ക്ക് 60 രൂപയാണ്. പച്ചക്കായ, പടവലം, കത്തിരിക്ക എന്നിവ കിലോയ്ക്ക് യഥാക്രമം 54 രൂപ, 42 രൂപ, 40 രൂപ എന്നിങ്ങനെയാണ് വില പോകുന്നത്. സാമ്പാറില്‍ ഒഴിച്ചുകൂടാനാകാത്ത മുരിങ്ങയ്ക്ക കിലോ 50 രൂപയും. പച്ചക്കറി വിലയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇത്തവണ എങ്ങനെ ഓണസദ്യയുണ്ണും എന്ന ചോദ്യം മനസില്‍ വരും.

മുളകുകള്‍ എരിവിനൊപ്പം വിലയിലും മുന്നിലെത്തി. പച്ചമുളകിന് കിലോയ്ക്ക് 110 രൂപയാണ്. തൊണ്ടന്‍മുളകിനും കാരിമുളകിനും യഥാക്രമം 95 രൂപയും 80 രൂപയും. ഇങ്ങനെ പച്ചക്കറി വില കുതിച്ചുയരുകയാണ്. വാഴപ്പഴങ്ങളില്‍ ഏത്തന് കിലോയ്ക്ക് 75 രൂപയാണ്. രസകദളിപ്പഴത്തിന് 80 രൂപയും. പൂവന്‍, റോബസ്റ്റ, പാളയന്‍തോടന്‍ എന്നിവയ്ക്ക് യഥാക്രമം 62 രൂപ, 45 രൂപ, 40 രൂപ എന്നിങ്ങനെ പോകുന്നു വില.

സദ്യയൊരുക്കാന്‍ ബുദ്ധിമുട്ടും

മുന്‍ വര്‍ഷങ്ങളില്‍ വിലക്കയറ്റമുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി വാങ്ങി വില കുറച്ച് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ അത് പ്രതീക്ഷിക്കേണ്ട. ഈ വിലക്കറ്റത്തിനിടയില്‍ നിത്യജീവിതം പോലും ഏറെ ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നതെന്നും സാധാരണക്കാര്‍ക്ക് ഓണത്തിന് വീട്ടിലൊരു സദ്യയൊരുക്കാന്‍ അതിലേറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും വീട്ടമ്മമാര്‍ അഭിപ്രായപ്പെടുന്നു. അവശ്യ സാധനങ്ങളുടെ വില ഇത്തരത്തില്‍ കുതിച്ചുയരുകയാണ്. ഇങ്ങനെപോയാല്‍ ഓണമെത്തുമ്പോഴേക്കും വില റെക്കോര്‍ഡിഡുമെന്നാണ് കണക്കുകൂട്ടല്‍.

Nadasha K V
Nadasha K V  

Related Articles

Next Story

Videos

Share it