
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പ് സാമ്പത്തിക വര്‍ഷം റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 16-21 ശതമാനം വര്‍ധിച്ച് 12,000-12,500 കിലോമീറ്ററായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എ. റോഡ് നിര്‍മാണ പദ്ധതികളുടെ മെച്ചപ്പെട്ട വളര്‍ച്ച, കേന്ദ്രത്തിന്റെ മൂലധന വിഹിതത്തിലുള്ള വര്‍ധനവ്, പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി പൂര്‍ത്തീകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടങ്ങിയ കാരണങ്ങളാകും ഈ ഉയര്‍ച്ചയിലേക്ക് നയിക്കുക. ഈ സാമ്പത്തിക വര്‍ഷത്തില്‍ ടോള്‍ പിരിവിലെ വളര്‍ച്ച 6-9 ശതമാനമാകുമെന്നും ഐ.സി.ആര്‍.എ പറയുന്നു.
നിര്‍മാണ ഘട്ടത്തില്‍
മൊത്തം 55,000 കിലോമീറ്റര്‍ റോഡ് നിര്‍മാണമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്ളത്. 12,200 കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കുമെന്നതായിരുന്നു കഴിഞ്ഞ ബജറ്റില്‍ പ്രധാന ലക്ഷ്യങ്ങളിലൊന്നായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ 2022 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 5,300 കിലോ മീറ്റര്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 55,000 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കിയ 5,300 കിലോ മീറ്റര്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി ഭാഗം നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
റോഡ് നിര്‍മാണ വേഗത കുറഞ്ഞു
കേന്ദ്ര സര്‍ക്കാര്‍ അവസാന ബജറ്റില്‍ മൂലധന വിഹിതത്തില്‍ ഗണ്യമായ വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 37.4 ശതമാനം വര്‍ധനയോടെ 10 ലക്ഷം കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്ക് കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ റോഡ് നിര്‍മാണത്തിന്റെ വേഗത നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 30.11 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്.
മുന്‍ വര്‍ഷം
മണ്‍സൂണ്‍ മഴ മൂലമുള്ള ചില പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥയും ഉയര്‍ന്ന ചരക്ക് വിലയും 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും എന്നാല്‍ രണ്ടാം പകുതിയില്‍ സ്ഥിതി മെച്ചപ്പെട്ടു എന്നും ഐ.സി.ആര്‍.എ കോര്‍പ്പറേറ്റ് റേറ്റിംഗ്സ് സെക്ടര്‍ ഹെഡ് വിനയ് കുമാര്‍ ജി പറഞ്ഞു. ഇതോടെ റോഡ് നിര്‍മ്മാണം രണ്ടാം പകുതിയില്‍ 2 ശതമാനം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. അതുവഴി 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൊത്തത്തിലുള്ള ഇടിവ് 1 ശതമാനമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine