
പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എന്‍) നടത്തിയ പഠനം
വ്യക്തമാക്കുന്നു. യു.എന്‍. സംഘത്തിന്‍റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പി.ഡി.എന്‍.എ) റിപ്പോര്‍ട്ട് ഡല്‍ഹിയിലെ യു.എന്‍. റസിഡന്‍റ് കോഓര്‍ഡിനേറ്റര്‍ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
മേഖല ചെലവ് (കോടി)
1.ഭവന നിര്‍മാണം -5,443
2.ആരോഗ്യം- 600
3.വിദ്യാഭ്യാസം, ശിശുസംരക്ഷണം- 214
4.സാംസ്കാരിക-പൈതൃകം- 80
5.കൃഷി, മത്സ്യബന്ധനം, കന്നുകാലി സമ്പത്ത്- 4,498
6.ജലവിതരണം, ശുചീകരണം -1331
7.ഗതാഗതം- 10,046
8.വൈദ്യുതി -353
9.ജലസേചനം -1,483
10.മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍- 2,446
11.പരിസ്ഥിതി- 148
12.തൊഴില്‍, ജീവിതോപാധി -3,896
13.ദുരന്ത ലഘൂകരണം -110
14.ജന്‍ഡര്‍, സാമൂഹികം- 35
15.പ്രാദേശിക ഭരണം- 32
16.ജലവിഭവ മാനേജ്മെന്‍റ് -24
കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ യൂറി അഫാനിസീവ് പറഞ്ഞു. പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും യു.എന്‍ സഹായം വാഗ്ദാനം ചെയ്തു. പുനര്‍നിര്‍മാണത്തിനുളള ആസൂത്രണം, മേല്‍നോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാന്‍ കഴിയും. അന്താരാഷ്ട്രതലത്തിലെ മികച്ച വീണ്ടെടുപ്പ് മാതൃകകള്‍ പരിചയപ്പെടുത്തുന്നതിന് യു.എന്‍ വേദിയുണ്ടാക്കും.
മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ കേരളം നിര്‍മ്മിക്കുന്നതിന് നാലു ഘടകങ്ങളുളള നയസംബന്ധമായ പോളിസി ഫ്രെയിംവര്‍ക്ക് യു.എന്‍. മുന്നോട്ടു വച്ചു. സംയോജിത ജലവിഭവ മാനേജ്മെന്‍റ്, പ്രകൃതി സൗഹൃദമായ ഭൂവിനിയോഗം, എല്ലാവരേയും ഉള്‍ക്കൊളളുന്ന ജനകേന്ദ്രീകൃതമായ സമീപനം, നൂതനസാങ്കേതിക വിദ്യ എന്നിവയാണ് ഈ നാലു ഘടകങ്ങള്‍.
പ്രകൃതി സൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളളതുമായ പുനര്‍നിര്‍മാണത്തിനുളള നിര്‍ദേശങ്ങളും യു.എന്‍. മുന്നോട്ടുവച്ചിട്ടുണ്ട്. ഭൂവിനിയോഗ സമ്പ്രദായത്തിന്‍റെ പുനഃപരിശോധന, ഉപഭോഗ രീതിയിലുളള മാറ്റം, അതിജീവനശേഷിയുളള കെട്ടിട നിര്‍മാണം, സൗരോര്‍ജ്ജത്തിന്‍റെ പരമാവധി ഉപയോഗം, സംയോജിത ഖരമാലിന്യ മാനേജ്മെന്‍റ്, ടൂറിസം മേഖലയുടെ ഹരിതവല്‍ക്കരണം മുതലായവ അതില്‍ ഉള്‍പ്പെടുന്നു.
ഭവനനിര്‍മാണത്തിന് ഏറ്റവും അനുയോജ്യം പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണെന്ന് യു.എന്‍. സംഘം അഭിപ്രായപ്പെട്ടു. ഈ സാങ്കേതികവിദ്യ പാഴ്ച്ചെലവ് കുറഞ്ഞതും ഈടുനില്‍ക്കുന്നതുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മഴ കൂടുതലുളള കേരളത്തില്‍ ഈടു നില്‍ക്കുന്ന റോഡുകള്‍ പണിയുന്നതിന് നൂതനമായ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എന്‍ സഹായം ആവശ്യമാണെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവന്നു.
പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസ്സെസ്സ്മെന്റ് അഥവാ പിഡിഎൻഎ എന്ന രീതിയാണ് നാശനഷ്ടങ്ങൾ പഠിക്കാനായി യുഎൻ അവലംബിച്ചത്. യുഎൻ, വേൾഡ് ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവ ചേർന്നാണ് ഈ രീതി വികസിപ്പിച്ചെടുത്തത്. പത്തോളം യുഎൻ ഏജൻസികൾ, വേൾഡ് ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള 76 വിദഗ്ധർ ചേർന്ന് 20 ദിവസം കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
10 ജില്ലകളിലെ 120 ഗ്രാമങ്ങൾ സന്ദർശിച്ചാണ് യുഎൻ സംഘം പഠനം നടത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine