

ഉയരുന്ന ഇന്ധനവില വർധനയ്ക്കിടെ, രൂപയുടെ മൂല്യം ബുധനാഴ്ച വീണ്ടും ഇടിഞ്ഞ് ഡോളറിന‌് 73.25 എന്ന നിലയിലെത്തി. രൂപയുടെ ഇതേവരെ കണ്ടതിൽ വെച്ചേറ്റവും താഴ്ന്ന നിലയാണിത്.
രൂപ പുതിയ റെക്കോർഡ് താഴച്ചയിലെത്തിയതോടെ, എല്ലാ കണ്ണുകളും ആർബിഐയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ഒക്ടോബർ ആദ്യവാരം നടക്കുന്ന നയാവലോകന യോഗത്തിൽ ആർബിഐ പലിശ നിരക്ക് ഉയർത്തുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഇത് കറൻസിയെ പിന്താങ്ങുമെങ്കിലും കേവലം ഒന്നോ രണ്ടോ തവണ നിരക്കുയർത്തിയത് കൊണ്ടുമാത്രം രൂപ രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നാണ് വിപണി നിരീക്ഷകരുടെ പൊതുവെയുള്ള അഭിപ്രായം.
രൂപയുടെ വിനിമയ മൂല്യം പുതിയ താഴ്ചകള്‍ തേടുമ്പോള്‍ ബിസിനസുകളെയും പൊതുസമൂഹത്തെയും എങ്ങനെ അത് ബാധിക്കും? നമുക്ക് പരിശോധിക്കാം.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയ്ല്‍ വില ഉയരുന്നതും അമേരിക്കയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ആഗോള നിക്ഷേപകര്‍ അവിടേക്ക് മാറ്റുന്നതുമാണ് രൂപ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ക്ക് തിരിച്ചടിയാകുന്നത്. രൂപയുടെ വിനിമയ മൂല്യം ഇടിയുമ്പോള്‍ അതിന്റെ പ്രതിഫലനം സമസ്ത മേഖലകളിലുമുണ്ടാകും.
നേട്ടങ്ങളുണ്ട്
രൂപയുടെ മൂല്യമിടിയുമ്പോള്‍ പ്രവാസി മലയാളികള്‍ക്ക് വിദേശരാജ്യത്ത് ലഭിക്കുന്ന വേതനം കുത്തനെ ഉയരും. അതുകൊണ്ട് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ളാദവേളയാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 64 കടന്നതു മുതല്‍ റെമിറ്റന്‍സില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. മുന്‍കാലങ്ങളില്‍ രൂപയുടെ മൂല്യം ഇത്തരത്തില്‍ ഇടിയുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പയെടുത്ത് നാട്ടിലേക്ക് അയക്കുന്ന വര്‍ ഉണ്ടായിരുന്നു. എന്നാല്‍ തൊഴില്‍ സുരക്ഷിതത്വം കുറഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പ്രവണത കുറവാണ്.
മുന്‍കാലങ്ങളില്‍ രൂപയുടെ മൂല്യതകര്‍ച്ച സംഭവിക്കുമ്പോള്‍ വിദേശത്തു നിന്നുള്ള പണം വരവില്‍ പത്തു ശതമാനത്തോളം വര്‍ധന വരെ ഉണ്ടായിട്ടുണ്ട്.
പൊതുവേ രൂപയുടെ മൂല്യമിടിയുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകാറുണ്ട്. എന്നാല്‍ രാജ്യത്തു നിന്നുള്ള എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് ജൂലൈയില്‍ 9.4 ശതമാനമാണെന്ന് എന്‍ജിനീയറിംഗ് എക്‌സ്പോര്‍ട്ട് പ്രെമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഇപിസി) പറയുന്നു. ജൂണില്‍ രൂപയുടെ മൂല്യം 5.19 ശതമാനമാണ് ഇടിഞ്ഞത്. ജൂലൈയില്‍ 6.56 ശതമാനവും.
ജൂണില്‍ എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് 14.17 ശതമാനമായിരുന്നപ്പോള്‍ ജൂലൈയില്‍ ഇത് 9.37 ശതമാനത്തിലേക്ക് വീണു. അപ്പോള്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് എങ്ങനെ മെച്ചം കിട്ടുമെന്നാണ് ഇഇപിസി അധികൃതര്‍ ചോദിക്കുന്നത്. കറന്‍സി മൂല്യത്തിലെ ചാഞ്ചാട്ടങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ ഇപ്പോള്‍ പറയുന്നത്.
ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുകയും ഉല്‍പ്പാദന ചെലവ് കുറയുകയും ചെയ്യാതെ കയറ്റുമതിരംഗത്തിന് നേട്ടമുണ്ടാകില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine