രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച; ഡോളറിനൊപ്പം ദിര്‍ഹവും പറക്കുന്നു; കോളടിച്ച് പ്രവാസികള്‍

ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇന്ന് ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തി. വ്യാപാരം ആരംഭിച്ച് തുടക്കത്തില്‍ തന്നെ മൂല്യം 83.53ലേക്ക് ഇടിയുകയായിരുന്നു. ഈമാസത്തിന്റെ തുടക്കത്തില്‍ കുറിച്ച 83.45 ആണ് പഴങ്കഥയായത്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെയും അമേരിക്കയില്‍ ഉപഭോക്തൃ വിപണിയുടെ മികച്ച വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ലോകത്തെ ആറ് പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡെക്‌സ് 106.33 എന്ന റെക്കോഡിലെത്തിയതാണ് രൂപയ്ക്ക് സമ്മര്‍ദ്ദമായത്. ക്രൂഡോയില്‍ വില വീണ്ടും നേട്ടത്തിലേറിയതും രൂപയെ വലച്ചു.
ഇന്ത്യന്‍ ഓഹരി വിപണികള്‍ തുടര്‍ച്ചയായി നഷ്ടത്തിലേക്ക് വീഴുന്നതും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതും രൂപയുടെ തളര്‍ച്ചയുടെ ആക്കംകൂട്ടുന്നു. തുടര്‍ച്ചയായ മൂന്നാംദിവസവും കനത്ത നഷ്ടത്തിലായ സെന്‍സെക്‌സ് ഇപ്പോള്‍ 557 പോയിന്റ് (-0.75%) ഇടിവിലാണുള്ളത്. നിഫ്റ്റി 149 പോയിന്റും (-0.67%) ഇടിഞ്ഞിട്ടുണ്ട്.
കോളടിച്ച് പ്രവാസലോകം
ഡോളറിലും യു.എ.ഇ ദിര്‍ഹത്തിലും മറ്റും വരുമാനം നേടുകയും അത് ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ നേട്ടമാണ് രൂപയുടെ ഈ തകര്‍ച്ച. കഴിഞ്ഞമാസം 83.10 രൂപയോളമാണ് ഒരു ഡോളര്‍ നാട്ടിലേക്ക് അയച്ചാല്‍ കിട്ടിയിരുന്നതെങ്കില്‍ ഇന്ന് 83.53 രൂപ കിട്ടും. യു.എ.ഇയില്‍ നിന്ന് ഒരു ദിര്‍ഹം കഴിഞ്ഞമാസം അയച്ചപ്പോള്‍ കിട്ടിയത് 22.70 രൂപയായിരുന്നെങ്കില്‍ ഇന്നത് 22.75 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇത് റെക്കോഡാണ്.
ഡോളറിനെ അടിസ്ഥാനമാക്കിയാണ് യു.എ.ഇ ദിര്‍ഹത്തിന്റെ മൂല്യവും നിശ്ചയിച്ചിരിക്കുന്നത് എന്നതിനാല്‍ ഡോളര്‍ കുതിക്കുന്നതിന് ആനുപാതികമായി യു.എ.ഇ ദിര്‍ഹവും കുതിക്കും. ഒരു ദശാബ്ദം മുമ്പ് 60 രൂപയ്ക്കടുത്തായിരുന്ന രൂപയുടെ മൂല്യമാണ് ഇപ്പോള്‍ 83.53ലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. 2014ല്‍ ഒരു യു.എ.ഇ ദിര്‍ഹം കൊടുത്താല്‍ 17.30 രൂപയേ കിട്ടുമായിരുന്നുള്ളൂ.
പ്രവാസിപണമൊഴുക്ക് കുതിക്കും
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം (Remittances) നേടുന്ന രാജ്യമാണ് ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കുപ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് റെക്കോഡ് 12,500 കോടി ഡോളറാണ്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

നിലവിലെ ട്രെന്‍ഡ് കണക്കിലെടുത്താല്‍ 2024ല്‍ ഈ റെക്കോഡ് മറികടക്കുമെന്നാണ് വിലയിരുത്തലുകള്‍. അമേരിക്ക, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇവിടങ്ങളിലെ കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യം ദുര്‍ബലമായിട്ടുണ്ട്.
കേരളത്തിന് എന്താണ് നേട്ടം?
നേരത്തേ ഏറ്റവുമധികം പ്രവാസിപ്പണം നേടിയിരുന്ന സംസ്ഥാനം കേരളമായിരുന്നെങ്കില്‍ ഇപ്പോഴത് മഹാരാഷ്ട്രയാണ്. കേരളം രണ്ടാമതായി. ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസിപ്പണത്തിന്റെ 35 ശതമാനം മഹാരാഷ്ട്ര നേടുമ്പോള്‍ കേരളത്തിലെത്തുന്നത് 10.2 ശതമാനം മാത്രം. 10 ശതമാനത്തിനടുത്ത് വിഹിതവുമായി ഡല്‍ഹിയും തമിഴ്‌നാടും കേരളത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്.
രക്ഷാദൗത്യവുമായി റിസര്‍വ് ബാങ്ക്
ഇന്ന് രൂപയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് വീഴുന്നതില്‍ നിന്ന് പിടിച്ചുനിറുത്തിയിരിക്കുന്നത് സമയബന്ധിതമായി റിസര്‍വ് ബാങ്ക് നടത്തിയ രക്ഷാദൗത്യമാണ്. പൊതുമേഖലാ ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതോടെ രൂപയുടെ കൂടുതല്‍ തകര്‍ച്ച ഒഴിവായി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it