രൂപ 106 വരെ ഇടിയുമോ? ആക്സിസ് ബാങ്ക് റിസർച്ച് പ്രവചനം; സാധാരണക്കാരെ എങ്ങനെ ബാധിക്കും?

രൂപയുടെ മൂല്യം താഴ്ന്നാല്‍ ഡോളറിൽ അടയ്ക്കേണ്ട വിദേശ വിദ്യാഭ്യാസ ചെലവുകൾ വർദ്ധിക്കും
Indian Rupee sack, RBI Logo
Image : Canva and RBI
Published on: 

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 2027 ഡിസംബറോടെ 100–102 ലേക്കും, 2028 ഡിസംബറോടെ 104–106 ലേക്കും ഇടിയാൻ സാധ്യതയുണ്ടെന്നപ്രവചനവുമായി ആക്സിസ് ബാങ്ക് റിസർച്ച് റിപ്പോർട്ട് . 2027 മാർച്ച് മാസത്തോടെ രൂപയുടെ മൂല്യം 97–99 ലും ജൂൺ മാസത്തോടെ 98–100 ലും എത്തുമെന്നാണ് കണക്കാക്കുന്നത്. തുടർച്ചയായ വിദേശ മൂലധന പിൻവലിക്കൽ (Capital outflows), വിദേശ നാണയ ശേഖരം പുനഃസൃഷ്ടിക്കേണ്ടതിന്റെ ആവശ്യം എന്നിവയാണ് രൂപയ്ക്ക് പ്രധാന വെല്ലുവിളിയാകുന്നത്. രൂപയ്ക്ക് അതിന്റെ ന്യായമായ മൂല്യത്തിലെത്താൻ (Fair value) ഇനിയും 5 മുതൽ 10 ശതമാനം വരെ മൂല്യത്തകർച്ച ഉണ്ടാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?

രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരുടെ ദൈനംദിന ബജറ്റിനെയും ഭാവി ആസൂത്രണങ്ങളെയും കാര്യമായി ബാധിക്കും:

വിദേശ പഠനച്ചെലവ് ഉയരും: ഡോളറിൽ അടയ്ക്കേണ്ട വിദേശ വിദ്യാഭ്യാസ ചെലവുകൾ വർദ്ധിക്കും. ഉദാഹരണത്തിന്, $50,000 വിദേശ പഠനച്ചെലവിന് ഡോളറിന് ₹95 നിരക്കിൽ ₹47.5 ലക്ഷം രൂപ ആവശ്യമാണെങ്കിൽ, നിരക്ക് ₹102 ആകുമ്പോൾ അത് ₹51 ലക്ഷമായി ഉയരും (₹3.5 ലക്ഷത്തിന്റെ അധിക ബാധ്യത).

വിദേശ യാത്രകളും ഇറക്കുമതി ഉൽപ്പന്നങ്ങളും: അന്താരാഷ്ട്ര യാത്രാ ചെലവുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വിലയും വർദ്ധിക്കും.

പണപ്പെരുപ്പ ഭീഷണി: ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് $106-ന് അടുത്ത് തുടരുന്ന സാഹചര്യത്തിൽ, ഇന്ധന ഇറക്കുമതി ചെലവ് കൂടുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിനും (Inflation) അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കും.

വിദേശ നിക്ഷേപ വരവും യു.എസ് ട്രഷറി ബോണ്ട് വരുമാനത്തിലെ ഇളവും ഹ്രസ്വകാലയളവിൽ രൂപയ്ക്ക് നേരിയ ആശ്വാസം നൽകിയെങ്കിലും ദീർഘകാലത്തിൽ മൂല്യത്തകർച്ച തുടരുമെന്നാണ് സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```