മൂല്യം ഇടിയല്‍; ചരിത്രത്തില്‍ ആദ്യമായി 80 തൊട്ട് രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യം 80ല്‍ എത്തി. ചരിത്രത്തില്‍ ആദ്യമായാണ് രൂപയുടെ മൂല്യം 80 തൊടുന്നത്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 80.0163 രൂപയ്ക്കാണ് ഡോളറിനെതിരെ വ്യാപാരം. 79.98 രൂപ എന്ന നിലയില്‍ വ്യാപാകരം ആരംഭിച്ച ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു.

ക്രൂഡ് വിലക്കയറ്റം, വര്‍ധിച്ചു വരുന്ന വാണിജ്യ കമ്മി, വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത്, കാലാവധി അടുക്കുന്ന ഭീമമായ വിദേശ കറന്‍സി വായ്പകള്‍ കൂടാതെ ഈ ഘടകങ്ങള്‍ മൂലം കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നത് തുടങ്ങിവയാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണങ്ങള്‍. ഈ വര്‍ഷം ഏഴു ശതമാനത്തോളം ആണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

ഈ വര്‍ഷം 12 ശതമാനം ഇടിഞ്ഞ യൂറാേയോളം ക്ഷീണം രൂപയ്ക്കില്ല, മറ്റു വികസ്വര രാജ്യ കറന്‍സികളും സമാനമായി ഇടിയുന്നുണ്ട്, വിനിമയ നിരക്കു താഴുന്നത് കയറ്റുമതിയെ സഹായിക്കുമെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അടുത്ത യോഗത്തില്‍ യുഎസ് ഫെഡ് റിസര്‍വ് എന്ത് തീരുമാനം എടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഡോളര്‍ 81 അല്ലെങ്കില്‍ 82 രൂപയില്‍ കയറ്റം നിര്‍ത്തുമെന്നു പലരും പറയുന്നുണ്ട്. വിദേശ നിക്ഷേപകര്‍ ഇത്തവണ വിറ്റു മാറില്ലെന്നും അവരുടെ വില്‍പനയുടെ പ്രധാന ഘട്ടം കഴിഞ്ഞെന്നും നേരത്തെ വിലയിരുത്തല്‍ ഉണ്ടായിരുന്നു. രൂപയുടെ മൂല്യം ഇടിയല്‍ അവസാനിക്കുമെന്ന പ്രവചനവും ഇത്തരത്തില്‍ ഉള്ള ഒന്നാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്. അതായത് മൂല്യം വീണ്ടും താഴേക്ക് പോവും എന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ നീക്കിയിട്ടും പലിശ കൂട്ടിയിട്ടും വിദേശ കറന്‍സി നിക്ഷേപം വര്‍ധിക്കാത്തത് ഇതിന്റെ സൂചനയാണ്.

Related Articles
Next Story
Videos
Share it