രൂപയ്ക്ക് റെക്കോർഡ് തകർച്ച: ഒടുവില്‍ 70 കടന്നു
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍. ഒരു ഡോളറിന് 70.08 രൂപയാണ്. ടര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി എമര്‍ജിങ് മാര്‍ക്കറ്റുകളിലേയ്ക്ക് പടര്‍ന്ന് പിടിക്കുമോ എന്ന ആശങ്കയാണ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്.
ഈ വര്‍ഷം ഇതുവരെ 7 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ച വെച്ച കറന്‍സി എന്ന പേര് ഇപ്പോള്‍ രൂപയ്ക്ക് സ്വന്തം.
ടര്‍ക്കിഷ് ലിറ ഉള്‍പ്പെടെയുള്ള ആഗോള കറന്‍സികളുടെ വിറ്റഴിക്കല്‍ മൂലം കൂടുതല്‍ സുരക്ഷിതമായ ആസ്തികള്‍ തേടി നിക്ഷേപകര്‍ നീങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം.
രൂപയുടെ ഇടിവിന് തടയിടാന്‍ ആര്‍ബിഐ വിപണിയില്‍ ഇടപെട്ടു എന്നാണ് അറിയുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ച് പൊതുമേഖലാ ബാങ്കുകള്‍ ഡോളര്‍ വില്‍പന നടത്തിയിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ ഒന്നും ഫലം കാണുന്നില്ല എന്ന് വേണം കരുതാന്‍.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടര്‍ക്കിക്കെതിരെ വ്യാപാര ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ടര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. അതിനു മുന്‍പേ തന്നെ ടര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം തകര്‍ച്ചയിലായിരുന്നെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.