രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയിലും സ്വര്‍ണ വില ഇടിഞ്ഞു; ഇനിയെന്താകും?

ഉയര്‍ന്ന പണപ്പെരുപ്പത്തില്‍ ഞെങ്ങിഞെരുങ്ങിയ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ മോശം വാര്‍ത്തകള്‍ നല്‍കി തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. രൂപയുടെ മൂല്യം 51 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന 77.41 എന്ന നിലയിലെത്തിയിരിക്കുകയാണ്. അതേ സമയം രൂപയുടെ മൂല്യത്തകര്‍ച്ചയിലും സ്വര്‍ണം പിടിച്ചു നിന്നു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില (Gold Price) വര്‍ധിച്ചില്ല. ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ കുറയുകയാണ് ചെയ്തത്. ഒരു ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണ വില 320 രൂപ കുറഞ്ഞു. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 37,680 രൂപയായി ഒരു പവന്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു.
18 ക്യാരറ്റ് സ്വര്‍ണ്ണവിലയില്‍ ഗ്രാമിന് 35 രൂപയുടെ കുറവുണ്ടായി. 3,890 രൂപയാണ് ഇന്നത്തെ വില. 925 ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഇന്ന് വില കുറഞ്ഞിട്ടില്ല. ഒരു ഗ്രാമിന് വില ഇന്നും 100 രൂപ തന്നെയാണ്. സാധാരണ വെള്ളിക്ക് ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 5250 രൂപയും ഒരു പവന് 42000 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ്ണവില.
ലോഹങ്ങള്‍ ഇടിവില്‍
വ്യാവസായിക ലോഹങ്ങള്‍ താഴോട്ടു നീങ്ങുകയാണ്. ചൈനയിലെ ലോക്ക് ഡൗണ്‍ മൂലം ആവശ്യം കുറഞ്ഞതും അമേരിക്കന്‍ ഓര്‍ഡറുകള്‍ കുറയുമെന്ന ആശങ്കയുമാണു കാരണം. ചെമ്പ് 2.84 ശതമാനം ഇടിഞ്ഞ് ടണ്ണിന് 9160 ഡോളറില്‍ എത്തി. അലൂമിനിയം 3.11 ശതമാനം താഴ്ന്ന് 2753 ഡോളറായി.
ലെഡ്, നിക്കല്‍, സിങ്ക്, ടിന്‍ എന്നിവ നാലര മുതല്‍ ആറര വരെ ശതമാനം താഴ്ന്നു. ഇരുമ്പയിര് മൂന്നു ശതമാനത്തോളം താണു. ഇന്ത്യയിലെ മെറ്റല്‍ കമ്പനികള്‍ക്കു വീണ്ടും ഇടിവു നേരിടും. അടുത്ത മാര്‍ച്ചോടെ സ്റ്റീല്‍ വില കഴിഞ്ഞ മാസത്തെ 76,000 രൂപയില്‍ നിന്ന് 60,000 ആയി കുറയുമെന്നു റേറ്റിംഗ് ഏജന്‍സി ക്രിസില്‍ വിലയിരുത്തി.
ഡോളറിനു കരുത്തു കൂടുന്നതോടെ സ്വര്‍ണം ഇടിവിലാണ്. ഇന്നലെ 1876 - ല്‍ നിന്ന് 1845 ഡോളര്‍ വരെ താണ സ്വര്‍ണം ഇന്നു രാവിലെ 1856-1858 ഡോളറിലാണ്. കേരളത്തില്‍ ഇന്നലെ പവന് 38,000 രൂപയിലേക്ക് വില കൂടിയിരുന്നു. രൂപയുടെ ഇടിവ് തുടര്‍ന്നാല്‍ വിദേശത്തെ താഴ്ചയുടെ ആനുകൂല്യം സ്വര്‍ണ വിലയില്‍ ഉണ്ടാകില്ല.
77 കടന്നു ഡോളര്‍
ഡോളര്‍ ഇന്നലെ ആദ്യമായി 77 ഡോളറിനു മുകളില്‍ കയറി. വിദേശ നിക്ഷേപകര്‍ ഓഹരികളും സര്‍ക്കാര്‍ കടപ്പത്രങ്ങളും വിറ്റ് പണം മടക്കിക്കൊണ്ടുപോകുകയാണ്. കടപ്പത്ര വിപണിയില്‍ കഴിഞ്ഞ മാസം വിദേശികള്‍ 69.7 കോടി ഡോളറിന്റെ വില്‍പന നടത്തി. 2022 ല്‍ ഇതുവരെ 118 കോടി ഡോളര്‍ അവര്‍ കടപ്പത്ര വിപണിയില്‍ നിന്നു പിന്‍വലിച്ചു.
ഓഹരി വിപണിയില്‍ നിന്ന് ഇതിന്റെ ഇരട്ടിയിലേറെ തുകയാണു പിന്‍വലിച്ചത്. ഇങ്ങനെ വിദേശനാണ്യം പുറത്തേക്കു പോകുന്നതിന് ആനുപാതികമായി ഇങ്ങോട്ടു പണം വരുന്നില്ല. ഇറക്കുമതിച്ചെലവ് കൂടിയതിനാല്‍ വാണിജ്യ കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിച്ചു. രൂപയെ താങ്ങി നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുമെന്നു ഗവണ്മെന്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍ പ്രതിദിന ഇടിവ് പരിധി വിടാതെ നോക്കുന്നതിനപ്പുറം റിസര്‍വ് ബാങ്ക് ഇടപെട്ടു കാണുന്നില്ല. സ്വര്‍ണമടക്കം 59,773 കോടി ഡോളറിന്റെ വിദേശനാണ്യശേഖരം ഉണ്ടെന്നതാണു റിസര്‍വ് ബാങ്കിനു കരുത്തു പകരുന്നത്. ഇന്നലെ 77.52 രൂപ വരെ ഉയര്‍ന്ന ഡോളര്‍ 77.44 രൂപയില്‍ ക്ലാേസ് ചെയ്തു.
ബിറ്റ് കോയിന്‍ അടക്കം ക്രിപ്‌റ്റോ കറന്‍സികളുടെ വ്യാപാരത്തിന് 28 ശതമാനം ജി എസ് ടി ചുമത്തുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവയുടെ വില ഇടിച്ചു. ബിറ്റ് കോയിന്‍ 31,000 ഡോളറിനടുത്തായി. റിപ്പോര്‍ട്ടുകള്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ബിറ്റ് കോയിന്‍ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ് ചുമത്തിയതു തന്നെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉള്ളപ്പാേഴാണ് അധിക നികുതിക്കുള്ള നീക്കം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it