ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ സ്വര്‍ണപ്പണയ വായ്കള്‍ക്കായി നെട്ടോട്ടം

ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സ്വര്‍ണപ്പണയ വായ്പയ്ക്കായി ആളുകളുടെ നെട്ടോട്ടം. മറ്റു വായ്പാ പദ്ധതികളുടെ സാധ്യതകള്‍ മങ്ങിയതും വരുമാനം ഇല്ലാതാവുകയും ചെയ്തതോടെയാണ് സ്വര്‍ണപ്പണയ വായ്പയ്ക്കായി ആളുകള്‍ ശ്രമിച്ചു തുടങ്ങിയത്. ഇതോടെ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി സഹകരണ ബാങ്കുകളടക്കമുള്ളവ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയിട്ടുമുണ്ട്.

ലോക്ക് ഡൗണ്‍ നീണ്ടു പോയതോടെ ആളുകളുടെ കൈയില്‍ ആവശ്യത്തിനു പോലും പണമില്ലാത്ത സ്ഥിതി വന്നു. പല സ്ഥാപനങ്ങളും അടച്ചിട്ടതോടെ വേതനം ലഭ്യമല്ലാതാകുകയോ വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തതും കാര്‍ഷിക വിളകള്‍ വില്‍ക്കാനാകാതെ കെട്ടിക്കിടക്കുകയും ചെയ്തതോടെ ആളുകളുടെ കൈയില്‍ നിത്യവൃത്തിക്കു പോലും പണമില്ലാത്ത സ്ഥിതിയായി. ബാങ്കുകള്‍ മറ്റു വായ്പകള്‍ നല്‍കാന്‍ മടിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി കുറച്ചതും വ്യക്തിഗത വായ്പകള്‍ നല്‍കാതിരിക്കുന്നതുമടക്കമുള്ള നടപടികളാണ് പല ബാങ്കുകളില്‍ നിന്നും ഉണ്ടായത്.

പണം കണ്ടെത്തുന്നതിനായി പലരും സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനും കഴിയാത്ത സ്ഥിതിയാണ്. ജൂവല്‍റികള്‍ തുറക്കുന്നില്ലെന്നു മാത്രമല്ല, തുറന്നാല്‍ തന്നെ സ്വര്‍ണാഭരണങ്ങള്‍ എടുക്കാന്‍ അവര്‍ മടിക്കുന്നു. സ്വര്‍ണ വില മികച്ച നിലയിലാണെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ സ്വര്‍ണപ്പണയ വായ്പ മാത്രമാണ് ആശ്രയം എന്ന നിലയിലാണ് കാര്യങ്ങള്‍. സ്വകാര്യ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനങ്ങള്‍ വയനാട്ടില്‍ തുറന്നു തുടങ്ങിയിട്ടുണ്ട്.

മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് പോലുള്ള സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പലിശ രഹിത വായ്പ ആവിഷ്‌കരിച്ചിട്ടുണ്ട്. മൂന്നു മാസത്തേക്ക് പലിശ നല്‍കേണ്ടതില്ല. ഒരു കുടുംബത്തിന് 25000 രൂപയാണ് ഇങ്ങനെ ലഭിക്കുക. എന്നാല്‍ മൂന്നു മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം. ഇല്ലെങ്കില്‍ സാധാരണ നിരക്കിലുള്ള പലിശ വാങ്ങുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയ് 31 വരെയാണ് വായ്പ ലഭ്യമാക്കുക. ഇതിനായി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

ഉയര്‍ന്ന വിലയായതിനാല്‍ സ്വര്‍ണത്തിന് കൂടുതല്‍ വായ്പ ലഭിക്കുമെന്നതും എളുപ്പത്തില്‍ ലഭിക്കുമെന്നതുമാണ് ആളുകളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് ബാങ്കുകളിലോ എന്‍ബിഎഫ്‌സികളിലോ എത്താനാവുന്നില്ല. അതേസമയം ഫോണിലൂടെയുള്ള അന്വേഷണം നിരവധി ലഭിക്കുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

ലോക്ക് ഡൗണിനു ശേഷവും സ്വര്‍ണപ്പണയ വായ്പയില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രമുഖ സ്ഥാപനങ്ങളുടെ കണക്കുകൂട്ടല്‍. 10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണപ്പണയ വായ്പയില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വ്യക്തികള്‍ക്ക് മാത്രമല്ല, സൂക്ഷ്മ, ചെറുകിട സംരംഭകര്‍ക്കും സ്വര്‍ണപ്പണയ വായ്പ ആകര്‍ഷകമായിരിക്കും.

മാത്രവുമല്ല, മോശം കടത്തിന്റെ കാര്യത്തിലടക്കം ഇന്ത്യന്‍ ബാങ്കിംഗ് മേഖല ലോക്ക് ഡൗണിനു മുമ്പു തന്നെ പ്രതിസന്ധിയിലായിരുന്നു. ഇക്കാലയളവില്‍ തന്നെയാണ് പ്രമുഖ സ്വകാര്യ ബാങ്കായ യേസ് ബാങ്കിന്റെ തകര്‍ച്ചയും ഉണ്ടായത്. അതുകൊണ്ടു തന്നെ ലോക്ക് ഡൗണിനു ശേഷം കാര്യമായ സഹായം ബാങ്കുകളില്‍ നിന്ന് ഉണ്ടായേക്കില്ലെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കു വെക്കുന്നത്.

ഭാഗികമായ യാത്രാ ഇളവുകള്‍ നല്‍കിയപ്പോള്‍ തന്നെ ആളുകള്‍ സുരക്ഷിതമായതും എളുപ്പത്തില്‍ ലഭിക്കുന്നതുമായ സ്വര്‍ണപ്പണയ വായ്പകള്‍ തേടി എന്‍ബിഎഫ്‌സികളടക്കമുള്ള സ്ഥാപനങ്ങളിലെത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ ആവശ്യക്കാരുടെ കുത്തൊഴുക്കു തന്നെ ഈ മേഖലയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it