ക്രിപ്‌റ്റോ ഇടപാടുകള്‍ നിരോധിച്ച് റഷ്യ, നിയന്ത്രിക്കാന്‍ ആഗോള പിന്തുണ വേണമെന്ന് നിര്‍മലാ സീതാരാമന്‍

ഡിജിറ്റല്‍ ആസ്തികള്‍ പണത്തിന് പകരം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി റഷ്യ. ക്രിപ്‌റ്റോ കറന്‍സികള്‍ അടക്കമുള്ള ഡിജിറ്റല്‍ ആസ്തികളും ഡിജിറ്റല്‍ അവകാശങ്ങളും പണത്തിന് പകരമായി (monetary surrogates) ആയി ഉപയോഗിക്കാന്‍ സാധിക്കില്ല. റൂബ്ള്‍ മാത്രമായിരിക്കും റഷ്യ അംഗീകരിക്കുന്ന ഏക കറന്‍സി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കുന്നതും അതേ സമയം പണമായി ഉപയോഗിക്കുന്നത് തടയുന്നതുമായ ക്രിപ്്‌റ്റോ നിയന്ത്രണ ബില്ലിന്റെ കരട് റഷ്യന്‍ സാമ്പത്തിക മന്ത്രാലയം പുറത്തിറക്കിയിരുന്നു.

അതേ സമയം ക്രിപ്‌റ്റോ ഇടപാടുകളെ നിയന്ത്രിക്കാന്‍ ആഗോള സഹകരണം വേണമെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍. ലോക്‌സഭയിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്. നിയന്ത്രണത്തിനോ നിരോധനത്തിനോ വേണ്ടിയുള്ള ഏതെങ്കിലും ഒരു നിയമനിര്‍മാണം ഫലപ്രദമാവുന്നതിന് അന്താരാഷ്ട്രതലത്തില്‍ സഹകരണം ആവശ്യമാണ്. ക്രിപ്‌റ്റോ നിരോധിക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശമെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രബാങ്ക് പുറത്തിറക്കുന്നവ മാത്രമാണ് കറന്‍സിയെന്ന് നേരത്തെ ആര്‍ബിഐ പറഞ്ഞിരുന്നു.

ക്രിപ്‌റ്റോ നിയന്ത്രണ ബില്‍ കൊണ്ടുവരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്രം അതില്‍ നിന്ന് പിന്മാറുകയായിരുന്നു. 30 ശതമാനം നികുതിക്ക് പുറമെ കഴിഞ്ഞ ബജറ്റില്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് പ്രഖ്യാപിച്ച ഒരു ശതമാനം ടിഡിഎസ് നിലവില്‍ വന്നിത് ഈ മാസമാണ്. ഇത് രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലെ ഇടപാടുകളെ ബാധിച്ചിരുന്നു

Related Articles
Next Story
Videos
Share it