അലൂമിന ഇറക്കുമതി: ഇന്ത്യയിലേക്ക് തിരിഞ്ഞ് റഷ്യ, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കും

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള അലൂമിന ഇറക്കുമതി വര്‍ധിപ്പിച്ച് റഷ്യ. അലൂമിനിയം ഉല്‍പ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവാണ് അലൂമിന. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷം ഉക്രെയ്നിലെ റിഫൈനറി അലൂമിന ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്നു. കൂടാതെ റഷ്യയിലേക്കുള്ള അലൂമിന വിതരണം ഓസ്ട്രേലിയയും നിരോധിച്ചിരുന്നു. ഇതോടെ അലൂമിനയ്ക്കായി റഷ്യ പ്രധാനമായും ആശ്രയിച്ചിരുന്ന ഉക്രെയ്ന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുളള അലൂമിന വരവ് കുറഞ്ഞു. ഇതിനിടെ കസാക്കിസ്ഥാനും റഷ്യയിലേക്കുള്ള അലൂമിന വിതരണം കുറയ്ക്കാന്‍ തീരുമാനിച്ചു.

ഈ സാഹചര്യത്തില്‍ ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ അലൂമിനിയം ഉല്‍പ്പാദകരായ റഷ്യയുടെ റുസല്‍ ചൈനയില്‍ നിന്നുമുള്ള അലൂമിന ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു (2023 ജനുവരി-ജൂണ്‍ 4.85 ലക്ഷം ടണ്‍ ). ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അലൂമിന വാങ്ങുന്ന രാജ്യമായി റഷ്യ. എന്നാല്‍ നിലവില്‍ ഇത് വളരെ ചെലവേറിയതായതിനാല്‍ അലൂമിനയ്ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഉല്‍പ്പാദനച്ചെലവ് ചുരുക്കുന്നതിനും മറ്റ് രാജ്യങ്ങളില്‍ നിന്നു കൂടി അലൂമിന വാങ്ങുന്നതിനുമായാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി റഷ്യ വര്‍ധിപ്പിച്ചതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

മികച്ച കയറ്റുമതിയുമായി ഇന്ത്യ

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം റഷ്യയിലേക്കുള്ള ഇന്ത്യയുടെ അലൂമിന കയറ്റുമതി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.58 ലക്ഷം ടണ്ണായി ഉയര്‍ന്നിരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ അലൂമിന വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് റഷ്യയെന്ന് ഇന്ത്യന്‍ കസ്റ്റംസ് കണക്കുകള്‍ കാണിക്കുന്നു. ഈ കാലയളവില്‍ ഇന്ത്യ 189,379 മെട്രിക് ടണ്‍ അലൂമിനയാണ് റഷ്യയിലേക്ക് കയറ്റുമതി ചെയ്തത്. 2022ലെ ഇതേ കാലയളവില്‍ കയറ്റുമതികളൊന്നും ഉണ്ടായിരുന്നില്ല. ഇവിടെയാണ് ഇപ്പോഴുള്ള കണക്ക് ശ്രദ്ധേയമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അലൂമിനിയം കമ്പനി (NALCO) ആണ് റഷ്യയിലേക്കുള്ള അലൂമിനയുടെ പ്രാഥമിക വിതരണക്കാര്‍.

റഷ്യയില്‍ പുതിയ പ്ലാന്റ് 2028ല്‍

അലൂമിന ഇറക്കുമതിയാമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന റഷ്യ പുതിയ അലൂമിന നിര്‍മാണ പ്ലാന്റ് നിര്‍മിക്കാനൊരുങ്ങുകയാണ്. കാരണം റുസലിന് സ്വന്തം സംവിധാനത്തിന് പുറത്ത് നിന്ന് പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ അലൂമിന പുറത്തുനിന്നും വാങ്ങേണ്ടതുണ്ട്. അതിനാല്‍ റഷ്യന്‍ ബാള്‍ട്ടിക് കടല്‍ തുറമുഖത്ത് അലൂമിന നിര്‍മ്മിക്കാന്‍ 4.8 ബില്യണ്‍ ഡോളറിന്റെ പ്ലാന്റ് നിര്‍മ്മിക്കുമെന്ന് ജൂണില്‍ റുസല്‍ അറിയിച്ചരുന്നു. 24 ലക്ഷം ടണ്‍ വരെ വാര്‍ഷിക ഉല്‍പ്പാദനശേഷിയുള്ള ഈ പ്ലാന്റിന്റെ ആദ്യ ഘട്ടം 2028 അവസാനത്തോടെ കമ്മീഷന്‍ ചെയ്യും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it