Begin typing your search above and press return to search.
ക്രൂഡോയില്‍: ഇന്ത്യയ്ക്കുള്ള ഡിസ്‌കൗണ്ട് വെട്ടി റഷ്യ
ഇന്ത്യയ്ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ക്രൂഡോയില്‍ വില്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്‍വലിഞ്ഞ് റഷ്യ. ചൈന റഷ്യന്‍ എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്ത് തുടങ്ങിയ പശ്ചാത്തലത്തിലാണിത്. മാത്രമല്ല, അടുത്തമാസം മുതല്‍ റഷ്യ അടക്കമുള്ള എണ്ണ കയറ്റുമതി രാജ്യങ്ങള്‍ (ഒപെക് പ്ലസ്) ഉത്പാദനം പ്രതിദിനം 1.16 മില്യണ്‍ ബാരല്‍ വീതം കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതും ഇന്ത്യയ്ക്കുള്ള ഡിസ്‌കൗണ്ട് ആനുകൂല്യം വെട്ടിക്കുറയ്ക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ അധികരിച്ച് 'ലൈവ് മിന്റ്' റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ 20 ഡോളര്‍; ഇപ്പൊ വെറും 5
റഷ്യ-യുക്രെയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ യൂറോപ്പും അമേരിക്കയും റഷ്യന്‍ ക്രൂഡോയിലിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയും ചൈനയുമടക്കമുള്ള വന്‍കിട ഇറക്കുമതി രാജ്യങ്ങളെ ഡിസ്‌കൗണ്ടുമായി റഷ്യ സമീപിച്ചത്. ബാരലിന് 15-20 ഡോളര്‍ വരെ വിലക്കുറവാണ് റഷ്യ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തത്.
ഇത് പ്രയോജനപ്പെടുത്തി ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ ക്രൂഡോയില്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. റഷ്യയുമായുള്ള ഇടപാടില്‍ നിന്ന് പിന്‍വാങ്ങണമെന്ന് അമേരിക്കയും യൂറോപ്പും ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇറക്കുമതിയുമായി ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു.
ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതിയില്‍ ഏറെ പിന്നിലായിരുന്ന റഷ്യ, ഇതോടെ കഴിഞ്ഞവര്‍ഷം (2022-23) മറ്റ് രാജ്യങ്ങളെ പിന്തള്ളി ഒന്നാമതുമെത്തി. ഇറാക്കും സൗദിയും ഉള്‍പ്പെടുന്ന ഒപെക്കില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി രണ്ട് ദശാബ്ദത്തിലെ താഴ്ചയിലുമെത്തിയിരുന്നു.
ഇപ്പോള്‍ ബാരലിന് 5-10 ഡോളര്‍ ഡിസ്‌കൗണ്ടാണ് റഷ്യ നല്‍കുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ശരാശരി എട്ട് ഡോളര്‍ ഡിസ്‌കൗണ്ടാണ് ലഭിക്കുന്നതെന്ന് ഒരു പൊതുമേഖലാ എണ്ണവിതരണ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കമ്പനികള്‍ക്ക് നേട്ടം, ഉപയോക്താക്കള്‍ക്ക് ഗുണമില്ല
റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ വന്‍തോതില്‍ ക്രൂഡോയില്‍ ലഭിച്ചത് ഇന്ത്യയിലെ എണ്ണവിതരണ കമ്പനികള്‍ക്ക് നേട്ടമായിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഓയിലിന്റെ ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (ജി.ആര്‍.എം/G.R.M) ബാരലിന് 8.52 ഡോളറില്‍ നിന്ന് 21.08 ഡോളറിലേക്കാണ് വര്‍ദ്ധിച്ചത്.
ഓരോ ബാരല്‍ ക്രൂഡോയിലും സംസ്‌കരിച്ച് വേര്‍തിരിച്ച് റീട്ടെയില്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭമാണിത്. എച്ച്.പി.സി.എല്ലിന്റെ ജി.ആര്‍.എം 4.50 ഡോളറില്‍ നിന്ന് 11.40 ഡോളറിലേക്കും ബി.പി.സി.എല്ലിന്റേത് 6.78 ഡോളറില്‍ നിന്ന് 20.08 ഡോളറിലേക്കും ഉയര്‍ന്നു. മംഗളൂരു റിഫൈനറിയുടെ നേട്ടം 5.80 ഡോളറില്‍ നിന്ന് 11.70 ഡോളറായും ഉയര്‍ന്നു.
എന്നാല്‍, ഈ നേട്ടം ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിന് മേലെയായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് വില (തിരുവനന്തപുരം വില/ കേരളത്തില്‍ രണ്ട് രൂപ വര്‍ദ്ധിച്ചത് സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ സെസ് ഏര്‍പ്പെടുത്തിയത് മൂലമാണ്).
ഇറക്കുമതി വളര്‍ച്ച കുറയുന്നു
തുടര്‍ച്ചയായ അഞ്ചാംമാസവും റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവ് എന്ന സ്ഥാനം ഇന്ത്യ ഈമാസവും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, വിലയിലെ ആനുകൂല്യം കുറഞ്ഞതോടെ ഫെബ്രുവരിയെ അപേക്ഷിച്ച് ഇറക്കുമതിയിലെ വളര്‍ച്ച ഏപ്രിലില്‍ ഒരു ശതമാനം മാത്രമാണ്. പ്രതിദിനം 1.63 മില്യണ്‍ ബാരലായാണ് ഈമാസം ഇറക്കുമതി വര്‍ദ്ധിച്ചത്.
Next Story