ക്രൂഡോയില്‍: ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് വീണ്ടും കൂട്ടി റഷ്യ

ഇന്ത്യന്‍ എണ്ണവിതരണ കമ്പനികള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിലിയില്‍ ഡിസ്‌കൗണ്ട് വീണ്ടും കൂട്ടി റഷ്യ. സെപ്റ്റംബറിലെ ക്രൂഡ് ഓയില്‍ വില്‍പ്പനയിലെ കിഴിവ് റഷ്യ 25-50% ആണ് വര്‍ധിപ്പിച്ചത്. ഈ മാസം ബാരലിന് 5-6 ഡോളര്‍ കിഴിവാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ബിസ്‌നസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് നിരക്ക് അടുത്തിടെ റഷ്യ വെട്ടിക്കുറച്ചിരുന്നു.

ഇതോടെ, ക്രൂഡോയിലിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും ഇത് ഇന്ത്യയുടെ ഇറക്കുമതിയില്‍ റഷ്യക്കുള്ള 42 ശതമാനം വിപണിവിഹിതത്തെ സാരമായി ബാധിച്ചേക്കുമെന്നും ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിസ്‌കൗണ്ട് വീണ്ടും കൂട്ടാന്‍ റഷ്യ തയ്യാറായത്. റഷ്യന്‍ ക്രൂഡിന്റെ കിഴിവ് കഴിഞ്ഞ മാസം ബാരലിന് 3-4 ഡോളറായി കുറഞ്ഞിരുന്നു.

സെപ്തംബര്‍ അവസാനത്തേക്കും ഒക്ടോബറിലേക്കുമുള്ള എണ്ണ ഇറക്കുമതിക്കായി നടന്ന ചര്‍ച്ചകളില്‍ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ ഇന്ത്യന്‍ കമ്പനികള്‍ എതിര്‍ത്തിരുന്നു. ഇതും വ്യാപാരികളെ കിഴിവ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായ റോസ്നെഫ്റ്റ് ഈ വര്‍ഷം റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിതരണത്തിന്റെ 42 ശതമാനവും സംഭാവന ചെയ്തു.

അടുത്തിടെ സൗദി അറേബ്യയും

അടുത്തിടെ സൗദി അറേബ്യയും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക സൗദി 3.5 ഡോളറായാണ് കുറച്ചത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദി ഇത് വെട്ടികുറച്ചത്.

Read more:ഇന്ത്യ റഷ്യന്‍ എണ്ണയ്ക്ക് പിന്നാലെ പാഞ്ഞതോടെ ഇറക്കുമതി തുക വെട്ടിക്കുറച്ച് സൗദി

മുന്നറിയിപ്പുമായി വിദഗ്ധര്‍

ആഗോള ക്രൂഡ് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന കിഴിവുകള്‍ ഇന്ത്യക്കും ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബ്രെന്റ് ക്രൂഡ് വില ബാരലിന് നിലവിലെ 93 ഡോളറില്‍ നിന്ന് 2026 ഓടെ ബാരലിന് 150 ഡോളറായി ഉയരുമെന്ന് ജെ.പി മോര്‍ഗന്‍ മുന്നറിയിപ്പ് നല്‍കി. 2024ല്‍ ബ്രെന്റ് വില ബാരലിന് 90-110 ഡോളറും 2025ല്‍ ബാരലിന് 100 ഡോളറിനും 120 ഡോളറിനും ഇടയിലായിരിക്കുമെന്നും ജെ.പി മോര്‍ഗന്‍ പ്രതീക്ഷിക്കുന്നു.

2025ല്‍ പ്രതിദിനം 11 ലക്ഷം ബാരല്‍ വിതരണക്കമ്മി രേഖപ്പെടുത്തും. തുടര്‍ന്ന് 2030ല്‍ ഇത് 71 ലക്ഷം ബാരലായി വര്‍ധിക്കും. അസംസ്‌കൃത എണ്ണവില ഉയരുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവില്‍ വലിയ ആഘാതമണ് ഉണ്ടാകുക. എന്നാല്‍ റഷ്യന്‍ എണ്ണ ഡിസ്‌കൗണ്ടോടെ ലഭിക്കുന്നത് ഈ തിരിച്ചടിയില്‍ കരകയറാന്‍ ഇന്ത്യക്ക് ഗുണകരമാകും.


Related Articles

Next Story

Videos

Share it