ഇന്ത്യക്കുള്ള റഷ്യന്‍ എണ്ണ കയറ്റുമതിയില്‍ ഇടിവ്; ഡിസ്‌കൗണ്ടും കുറഞ്ഞു

ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള റഷ്യയുടെ ക്രൂഡോയില്‍ കയറ്റുമതി ഓഗസ്റ്റില്‍ പ്രതിദിനം 39 ലക്ഷം ബാരലായി ഇടിഞ്ഞു. ഏപ്രില്‍-മേയില്‍ പ്രതിദിനം 47 ലക്ഷം ബാരല്‍ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. കഴിഞ്ഞ മേയ്-ജൂലൈയില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡോയിലില്‍ 80 ശതമാനവും വാങ്ങിയത് ഇന്ത്യയും ചൈനയുമായിരുന്നു. റഷ്യ ഉത്പാദനം കുറച്ചതോടെ ഇത് ഓഗസ്റ്റില്‍ 30 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (IEA) വ്യക്തമാക്കി.

ക്രൂഡിന്റെ ലഭ്യത കുറയുന്നത് തുടരും

പ്രതിമാസ അടിസ്ഥാനത്തില്‍ റഷ്യയുടെ ഉല്‍പ്പാദനം ഓഗസ്റ്റില്‍ പ്രതിദിനം 95 ലക്ഷം ബാരല്‍ എന്ന നിരക്കില്‍ സ്ഥിരതയോടെ നിലനിന്നെങ്കിലും കയറ്റുമതി പ്രതിദിനം 1.5 ലക്ഷം ബാരല്‍ വീതം കുറഞ്ഞു. ക്രൂഡ് വില ഉയര്‍ന്നതും ഡിസ്‌കൗണ്ട് കുറഞ്ഞതും മൂലം റഷ്യയുടെ കയറ്റുമതി വരുമാനം 2023 ഓഗസ്റ്റില്‍ 180 കോടി ഡോളര്‍ വര്‍ധിച്ച് 1,710 കോടി ഡോളറിലെത്തി.

ഇന്ത്യക്ക് നല്‍കിയിരുന്ന റഷ്യന്‍ ക്രൂഡിന്റെ കിഴിവ് (Discount) 2023 മെയ്-ജൂലൈ മാസങ്ങളില്‍ ബാരലിന് 4-5 ഡോളറായി കുറഞ്ഞിരുന്നു. അതിനുമുമ്പ് ഡിസ്‌കൗണ്ട് 6-10 ഡോളറായിരുന്നു.

റഷ്യന്‍ ക്രൂഡിന് 60 ഡോളര്‍ എന്ന പരമാവധി വില പരിധി യൂറോപ്യന്‍ യൂണിയനും മറ്റും നിശ്ചയിച്ചിരുന്നു. റഷ്യയുടെ വരുമാന വർധനക്ക് തടയിടാനായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ബാരലിന് 69 ഡോളറില്‍ വ്യാപാരം ചെയ്തുകൊണ്ട് റഷ്യ ഈ പരിധി ലംഘിച്ചിരുന്നു.

വില വര്‍ധനയെത്തുടര്‍ന്ന് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ വാങ്ങലില്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം ഏകദേശം 40 ശതമാനത്തില്‍ നിന്ന് 2023 ഓഗസ്റ്റില്‍ 34 ശതമാനമായി കുറഞ്ഞതായി ഐ.ഇ.എ വ്യക്തമാക്കി.

Related Articles
Next Story
Videos
Share it