എണ്ണവില വെട്ടിക്കുറച്ച് സൗദി; കൂടുതല്‍ നേട്ടമാവുക ഇന്ത്യക്ക്

ഏഷ്യയിലെ മുന്‍നിര വിപണികളിലേക്കുള്ള ക്രൂഡോയില്‍ ഇനമായ അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വില്‍പ്പന വില 27 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വെട്ടിക്കുറച്ച് സൗദി അരാംകോ. ബാരലിന് 2 ഡോളറാണ് കുറച്ചിരിക്കുന്നത്. ഡിസംബറില്‍ കമ്പനി ബാരലിന് 1.5 ഡോളര്‍ കിഴിവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ഈ നടപടി ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഇന്ധനം നല്‍കുന്നതിനും സഹായിച്ചേക്കും. റഷ്യക്ക് പിന്നാലെ സൗദിയിൽ നിന്നും കൂടി വിലക്കിഴിവിൽ എണ്ണ ലഭിക്കുന്നത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും.

കടുത്ത മത്സരം നേരിട്ട് സൗദി

ഏഷ്യയ്ക്ക് പുറമേ നോര്‍ത്ത് അമേരിക്ക, നോര്‍ത്ത് വെസ്റ്റ് യൂറോപ്പ്, മെഡിറ്ററേനിയന്‍ എന്നിവിടങ്ങളിലേക്കുമുള്ള എണ്ണവിലയും കമ്പനി വെട്ടിക്കുറച്ചു. ഇന്ത്യയും ചൈനയും റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങിക്കൂട്ടിയത് സൗദി അറേബ്യക്ക് ഇടക്കാലത്ത് വന്‍ തിരിച്ചടിയായിരുന്നു. ഇതുവഴി നഷ്ടപ്പെട്ട വിപണിവിഹിതം വീണ്ടെടുക്കുക കൂടിയാണ് ഇപ്പോള്‍ വില കുറച്ചതിലൂടെ സൗദി അറേബ്യ ഉദ്ദേശിക്കുന്നത്.

2017 മുതല്‍ ഷെയ്ല്‍ ഓയില്‍ ഏഷ്യയിലേക്ക് ഒഴുകുന്നതിനാല്‍ സൗദി അറേബ്യ യു.എസില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. പിന്നാലെ 2022 ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും തെക്കേ അമേരിക്ക, ആഫ്രിക്ക എന്നീ പുതിയ വിതരണക്കാരുടെ വരവിന് കാരണമായി. ഇതും സൗദി അറേബ്യക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി.

ഇതോടെയാണ് സൗദി എണ്ണ വിലയില്‍ കിഴിവ് ഏര്‍പ്പെടുത്തി തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെയും എണ്ണ ഉപഭോക്തൃ രാജ്യമാണ് ചൈന, മൂന്നാമത്തേത് ഇന്ത്യയും. ഇവ രണ്ടും ഏഷ്യയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഏഷ്യന്‍ വിപണി കമ്പനിക്ക് ഏറെ പ്രധാനമാണ്. ഇന്ന് കിഴിവുകളുടെ പിന്‍ബലത്തില്‍ സൗദി അറേബ്യ എണ്ണയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരാണ്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it