നാളെ ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി കണക്ക് പുറത്തുവരും; വളര്‍ച്ചാ പ്രതീക്ഷ താഴ്ത്തി എസ്ബിഐ റിസര്‍ച്ച്

നാളെ ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി കണക്ക് പുറത്തുവിടും. ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ 6.3 ശതമാനം വളര്‍ച്ചയാണു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിവിധ റേറ്റിംഗ് - വിശകലന ഏജന്‍സികള്‍ 6.2 മുതല്‍ 7.2 വരെ ശതമാനം വളര്‍ച്ചയാണു പ്രവചിച്ചത്. കൂടുതല്‍ സ്ഥാപനങ്ങള്‍ 6.5 ശതമാനം പ്രവചിച്ചു. ക്രിസില്‍, ഇക്ര എന്നീ റേറ്റിംഗ് ഏജന്‍സികളും ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് ഇക്കണോമിസ്റ്റും ആ നിലപാടിലാണ്.

എന്നാല്‍ എസ്ബിഐ റിസര്‍ച്ച് വിഭാഗം ഇപ്പോള്‍ വ്യത്യസ്തമായ നിഗമനവുമായി രംഗത്തുവന്നു. അവര്‍ 5.8 ശതമാനം വളര്‍ച്ചയേ രണ്ടാം പാദത്തില്‍ പ്രതീക്ഷിക്കുന്നുള്ളു.

മുപ്പതു സൂചകങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒന്നാണ് എസ്ബിഐ പ്രവചനത്തിനുപയോഗിക്കുന്ന നൗകാസ്റ്റ് സംവിധാനം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒഴിച്ചുള്ള കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തില്‍ 14 ശതമാനം ഇടിവു വന്നതാണ് പ്രവചനം താഴാന്‍ കാരണമെന്ന് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യകാന്തി ഘോഷ് പറഞ്ഞു.

ഒന്നാം പാദത്തില്‍ 13.5 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നതാണ്. രണ്ടില്‍ 6.3 ശതമാനം, മൂന്നിലും നാലിലും 4.6 ശതമാനം എന്നിങ്ങനെ വളരുമെന്നാണ് ആര്‍ബിഐ പ്രതീക്ഷ. 2022-23ല്‍ വാര്‍ഷിക വളര്‍ച്ച ഏഴു ശതമാനം എന്നാണു നിഗമനം. രണ്ടാം പാദ വളര്‍ച്ച കുറയുമ്പോള്‍ വാര്‍ഷിക വളര്‍ച്ച പ്രതീക്ഷയും കുറയും.

വാര്‍ഷിക വളര്‍ച്ച പ്രതീക്ഷ എല്ലാ ഏജന്‍സികളും ഇക്കൊല്ലം രണ്ടോ അതിലധികമാേ തവണ താഴ്ത്തി. ഒടുവിലത്തെ നിഗമനങ്ങള്‍ (ശതമാനം) ഇങ്ങനെ: റിസര്‍വ് ബാങ്ക് 7.0, ഐഎംഎഫ് 6.8, ലോകബാങ്ക് 6.5, ഒഇസിഡി 6.6, ഫിച്ച് 7.0, എസ് ആന്‍ഡ് പി 7.0. '

Related Articles
Next Story
Videos
Share it