ഇലക്ടറല്‍ ബോണ്ട്: സാവകാശം വേണമെന്ന എസ്.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി; വിവരം നാളെത്തന്നെ കൈമാറണം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാവകാശം വേണമെന്ന എസ്.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സാവകാശം നല്‍കില്ലെന്നും നാളെത്തന്നെ വിവരം കൈമാറണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മാര്‍ച്ച് 15നകം ഈ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ (ECI) വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ഫെബ്രുവരി 15നാണ് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറല്‍ ബോണ്ടുകള്‍ സുപ്രീം കോടതി അസാധുവാക്കിയത്. സി.പി.എമ്മും ചില സംഘടനകളുമാണ് ബോണ്ടിനെതിരെ കോടതിയെ സമീപിച്ചത്. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നത്. ബോണ്ടുകള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്നും അന്ന് എസ്.ബി.ഐയോട് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30വരെ സമയം വേണമെന്നാണ് എസ്.ബി.ഐ തുടര്‍ന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇത് തിരഞ്ഞെടുപ്പിന് ശേഷം മാത്രം വിവരങ്ങള്‍ പുറത്തുവിടാനുള്ള തന്ത്രമാണെന്നും മോദി സര്‍ക്കാരിന് വേണ്ടിയാണ് എസ്.ബി.ഐയുടെ ഹര്‍ജിയെന്നും പ്രതിപക്ഷ പാര്‍ട്ടികളടക്കം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
എസ്.ബി.ഐയുടെ വാദം
എസ്.ബി.ഐക്ക് വേണ്ടി ഹര്‍ജിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടിയത്, തിരഞ്ഞെടുപ്പ് ബോണ്ടിലെ സംഭാവന നല്‍കിയവരും സംഭാവന സ്വീകരിച്ച പാര്‍ട്ടിയും തമ്മിലെ കണക്കുകള്‍ ഒത്തുനോക്കേണ്ടതുണ്ടെന്നും ഇതിന് സാവകാശം വേണമെന്നുമാണ്.
എന്നാല്‍, കഴിഞ്ഞ 26 ദിവസം കിട്ടിയിട്ടും എന്ത് ചെയ്യുകയായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ധൃതിപിടിച്ച് കണക്ക് അവതരിപ്പിക്കാന്‍ തുനിഞ്ഞാല്‍ തെറ്റുകള്‍ പറ്റിയേക്കാമെന്നും ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സാല്‍വേ മറുപടി പറഞ്ഞു. എന്നാല്‍, ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായ എസ്.ബി.ഐക്ക് ഈ 'പണി' ചെയ്യാന്‍ പറ്റുന്നത് തന്നെയാണെന്ന് ഇതിന് മറുപടിയായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ പശ്ചാത്തലം
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും മറ്റും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാനും ഇതിന്റെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനും കഴിയുന്നതാണ് ഇലക്ടറല്‍ ബോണ്ടുകള്‍. പണം നല്‍കിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല.
എന്നാല്‍, ഇത്തരത്തില്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് ആര്‍ട്ടിക്കിള്‍ 19(1)(എ) അനുശാസിക്കുന്ന, പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെയും വിവരാവകാശ നിയമത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്.
വലിയ തിരിച്ചടി ബി.ജെ.പിക്ക്
2017-18ലെ ബജറ്റിലാണ് കേന്ദ്രം ഇലക്ടറല്‍ ബോണ്ട് അഥവാ തിരഞ്ഞെടുപ്പ് ബോണ്ട് പ്രഖ്യാപിച്ചത്. ഇലക്ടറല്‍ ബോണ്ട് വഴി കിട്ടുന്ന പണം 15 ദിവസത്തിനകമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാന്‍ പറ്റിയിരുന്നത്. 2017-23 വരെയുള്ള കണക്കുപ്രകാരം 6,565 കോടി രൂപയാണ് ബി.ജെ.പി സ്വന്തമാക്കിയത്.
രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസിന് കിട്ടിയത് 1,123 കോടി രൂപ. 1,093 കോടി രൂപ നേടി തൃണമൂല്‍ മൂന്നാമതാണ്. ബി.ജെ.ഡി (774 കോടി രൂപ), ഡി.എം.കെ (617 കോടി രൂപ), ബി.ആര്‍.എസ് (384 കോടി രൂപ), വൈസ്.എസ്.ആര്‍ കോണ്‍ഗ്രസ് (382 കോടി രൂപ), ടി.ഡി.പി (147 കോടി രൂപ), ശിവസേന (101 കോടി രൂപ), ആം ആദ്മി പാര്‍ട്ടി (94 കോടി രൂപ), എന്‍.സി.പി (64 കോടി രൂപ), ജനതാദള്‍ (എസ്/49 കോടി രൂപ), ജനതാദള്‍ (യു/24 കോടി രൂപ), എസ്.പി (14 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

Related Articles

Next Story

Videos

Share it