സെന്‍സെക്‌സ്, നിഫ്റ്റി: ഈയാഴ്ചത്തെ നഷ്ടം 7 - 7.2 ശതമാനം
കൊറോണ വൈറസ് മഹാമാരിയായി മാറുമോയെന്ന ആശങ്ക മൂലം ഓഹരി വിറ്റഴിക്കല്‍ വ്യാപകമായി മാറുന്നു.ഇതോടെ വിപണി സൂചികകള്‍ ഇടിയുന്നത് കഴിഞ്ഞ ഒരു ദശകത്തില്‍ സംഭവിക്കാത്തത്ര കുത്തനെ. പ്രതിവാര അടിസ്ഥാനത്തില്‍ സെന്‍സെക്‌സ് 7 ശതമാനവും നിഫ്റ്റി 7.2 ശതമാനവും ഇടിഞ്ഞു.
2009 നുശേഷം ഇതാദ്യമായാണ് ഒരാഴ്ചക്കാലയളവിലെ വ്യാപാരത്തില്‍ നിഫ്റ്റിയില്‍ ഇത്രയും നഷ്ടമുണ്ടാകുന്നത്. സെന്‍സെക്‌സ് 1,448.37 പോയന്റ്(3.64%) താഴ്ന്ന് 38297.29ലും നിഫ്റ്റി 431.50 പോയന്റ്(3.71%) നഷ്ടത്തില്‍ 11,201.80ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 50 സൂചികയില്‍ ഐഒസിമാത്രമാണ് നേരിയ നേട്ടത്തില്‍ നിലനിന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ക്യാപ് സൂചികകള്‍ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1975 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികള്‍ക്ക് മാറ്റമില്ല.
നിഫ്റ്റി മെറ്റല്‍ സൂചിക ഏഴ് ശതമാനവും ഐടി 5.6 ശതമാനവും പൊതുമേഖലാ ബാങ്ക് 5 ശതമാനവും വാഹനം, ഫാര്‍മ സൂചികകള്‍ നാലു ശതമാനത്തോളവുമാണ് നഷ്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടാറ്റ ഫിനാന്‍സ്, എച്ച്സിഎല്‍ ടെക് തുടങ്ങിയവയുടെ വിലയും താഴ്ന്നു സൂചികയിലെ 30 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനെക്കുറിച്ചും അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചും വിപണികള്‍ ആശങ്കാകുലമാണെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വിദേശ പോര്‍ട്ട്‌ഫോളിയൊ നിക്ഷേപകരുടെ (എഫ്പിഐ) നിരന്തരമായ വില്‍പ്പന ചില്ലറ നിക്ഷേപകരെയും വില്‍പ്പനയ്ക്കു പ്രേരിപ്പിച്ചുവെന്ന് വിപണിവൃത്തങ്ങള്‍ പറഞ്ഞു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമായ താല്‍ക്കാലിക ഡാറ്റ അനുസരിച്ച്, ഈ ആഴ്ച എഫ്പിഐകള്‍ 9,389 കോടി രൂപയുടെ ഓഹരികള്‍ കയ്യൊഴിഞ്ഞു. മാന്ദ്യം തല്‍ക്കാലം തുടരാനാണ് സാധ്യതയെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ റീട്ടെയില്‍ ഗവേഷണ വിഭാഗം മേധാവി ദീപക് ജസാനി പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline