വെയില്‍ ഇനിയും പൊള്ളിക്കും, വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകൾ, രാജ്യം പണപ്പെരുപ്പ ഭീഷണിയിൽ

റിസര്‍വ് ബാങ്കിന്റെ നിലവിലെ പണപ്പെരുപ്പ പ്രവചനം 4.6 ശതമാനമാണ്, ഇത് മറികടന്ന് പണപ്പെരുപ്പം 5 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്ന ആശങ്ക ശക്തമായി
severe heat in india
Image courtesy: Canva
Published on

കടുത്ത ചൂടാണ് ഇത്തവണ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നത്. കേരളത്തേക്കാള്‍ മോശമാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെയാണ് എത്തിയത്. കടുത്ത വേനലിന്റ ദുരിതത്തോടൊപ്പം ഇത്തവണ സാധാരണയേക്കാൾ കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നാണ് വിവിധ ഏജന്‍സികളുടെ കാലാവസ്ഥാ പ്രവചനങ്ങളുളളത്.

ഇതു രണ്ടും കൂടിച്ചേരുമ്പോള്‍ കൃഷിയെ വലിയ തോതില്‍ ബാധിക്കുമെന്ന ആശങ്ക വ്യാപകമാകുകയാണ്. കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യവിലയിൽ വലിയ വർദ്ധനവിന് കാരണമാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സാമ്പത്തിക വിദഗ്ധർ. ഇത് പണപ്പെരുപ്പ നിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

ക്രൂഡ് ഓയിൽ വില വര്‍ധന ഇരട്ട പ്രഹരം

കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യവിലയിൽ വലിയ വർദ്ധനവിന് കാരണമാകും. ഉപഭോക്തൃ വിലസൂചികയിൽ (CPI) ഭക്ഷണസാധനങ്ങൾക്ക് 37 ശതമാനം പങ്കാളിത്തമുളളതിനാല്‍, ഇത് പണപ്പെരുപ്പത്തെ വലിയ തോതില്‍ ബാധിക്കും. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ മഴ കുറയുമെന്ന പ്രവചനം കാർഷിക മേഖലയെയും അതുവഴി പണപ്പെരുപ്പത്തെയും സാരമായി ബാധിച്ചേക്കാം. ആര്‍.ബി.ഐയുടെ നിലവിലെ പണപ്പെരുപ്പ പ്രവചനം 4.6 ശതമാനമാണ്, ഇത് മറികടന്ന് പണപ്പെരുപ്പം 5 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്ന ആശങ്കയാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

മഴ കുറയുന്ന സാഹചര്യത്തിൽ ഫലപ്രദമായ ജലസേചനത്തിനായി കർഷകർ ഡീസൽ പമ്പുകളെ ആശ്രയിക്കേണ്ടി വരുന്നത് കൃഷി ചെലവ് വർദ്ധിപ്പിക്കാനിടയാക്കും. ഇതോടൊപ്പം വൈദ്യുതി ചെലവും വര്‍ദ്ധിക്കും. യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ്.

ഗ്രാമീണ ഇന്ത്യയുടെ പങ്ക്

ഗ്രാമീണ മേഖലകളിലെ കൃഷിയെ ആശ്രയിച്ചാണ് ഇന്ത്യയുടെ ഭക്ഷ്യ സ്വയംപര്യാപ്തതയുടെ ജീവനാഡി സ്ഥിതിചെയ്യുന്നത്. രാജ്യത്തെ 60 ശതമാനത്തിലധികം ആളുകളും ഇത്തരത്തില്‍ ഗ്രാമീണ ഇന്ത്യയിലാണ് ജീവിക്കുന്നത്. കൃഷിനാശം സംഭവിക്കുന്നത് ഗ്രാമീണ വരുമാനത്തെ ബാധിക്കുകയും മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ (GDP) പിന്നോട്ടടിക്കുകയും ചെയ്യും.

ഇന്ത്യയുടെ പക്കലുള്ള അരി, ഗോതമ്പ് എന്നിവയുടെ കരുതൽ ശേഖരവും മികച്ച ജലസേചന സൗകര്യങ്ങളും ഈ ആഘാതത്തെ ഒരു പരിധിവരെ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന അഭിപ്രായവും ചില സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയുടെ അളവിനെ ആശ്രയിച്ചായിരിക്കും പണപ്പെരുപ്പത്തിന്റെ തീവ്രത അനുഭവപ്പെടുക. പണപ്പെരുപ്പം നിയന്ത്രണവിധേയമായില്ലെങ്കിൽ നിലവിലെ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് നിർബന്ധിതമാകാനുളള സാധ്യതകള്‍ വളരെ കൂടുതലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com