ആകാശപാതക്കൊപ്പം കടല്‍വഴികളും അടയുന്നു; വ്യാപാരത്തിന് ചെലവേറും; കമ്പനികള്‍ നഷ്ടഭീതിയില്‍

ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ ചെലവുകള്‍ വര്‍ധിക്കുന്നത് വ്യാപാരനഷ്ടത്തിനും ഇടയാക്കുമെന്നാണ് കയറ്റുമതി മേഖലയിലെ ആശങ്ക
Canva
cargo ship
Published on

പശ്ചിമേഷ്യന്‍ സംഘര്‍ഷം താല്‍കാലികമായി അടങ്ങിയെങ്കിലും വ്യാപാര രംഗത്ത് അതുണ്ടാക്കുന്ന ആഘാതം കുറയുന്നില്ല. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ആകാശപാതകള്‍ അടഞ്ഞതിനൊപ്പം കടല്‍ മാര്‍ഗങ്ങളില്‍ തടസം നേരിടുന്നത് ബിസിനസ് രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രശ്ന ബാധിത പ്രദേശങ്ങള്‍ ഒഴിവാക്കി വിമാനങ്ങള്‍ പറക്കുന്നതു പോലെ ചരക്കു കപ്പലുകള്‍ക്കും സുരക്ഷിത വഴികള്‍ കണ്ടെത്തേണ്ടി വരികയാണ്. കോടികള്‍ വിലമതിക്കുന്ന ചരക്കുകളുമായി ചുറ്റിസഞ്ചരിക്കുമ്പോള്‍ ചെലവുകള്‍ അപ്രതീക്ഷിതമായി കൂടുന്നു. കപ്പല്‍ വാടക, ഇന്‍ഷുറന്‍സ് തുക എന്നീ ഇനത്തില്‍ കയറ്റുമതിക്കാരുടെ ചെലവുകള്‍ വര്‍ധിച്ചു കഴിഞ്ഞു. യഥാസമയം നിശ്ചിത തുറമുഖങ്ങളില്‍ ചരക്ക് എത്തിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള പ്രതിസന്ധികള്‍ വേറെയും.

ഗുഡ് ഹോപ്പ് മുനമ്പിലൂടെയുള്ള യാത്ര

ചെങ്കടലും സൂയസ് കനാലും വഴിയുള്ള ചരക്ക് ഗതാഗതമാണ് പ്രധാനമായും അനിശ്ചിതത്വത്തിലുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ ഗുഡ് ഹോപ്പ് മുനമ്പ് വഴി എത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള കപ്പലുകള്‍ സഞ്ചരിച്ചിരുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയും യെമന് അടുത്തുള്ള ബാബ് അല്‍ മന്‍ദാബിലൂടെയുമാണ്. എന്നാല്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം, യെമനിലെ ഹൂത്തികളുടെ ഭീഷണി തുടങ്ങിയ അസ്വസ്ഥ സാഹചര്യങ്ങള്‍ മൂലം ദക്ഷിണാഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ് ഹോപ്പ് മുനമ്പ് വഴി ചുറ്റി സഞ്ചരിക്കേണ്ടി വരികയാണ്. ഒരാഴ്ച വരെ അധികമായി സഞ്ചരിക്കേണ്ട ദൂരമാണ് ഇപ്പോഴുള്ളത്. ഇന്ധന വില അനുദിനം വര്‍ധിക്കുന്നത് യാത്രാ ചെലവുകളില്‍ കാര്യമായി വര്‍ധനയാണുണ്ടാക്കുന്നത്. ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ ചെലവുകള്‍ വര്‍ധിക്കുന്നത് വ്യാപാരനഷ്ടത്തിനും ഇടയാക്കുമെന്നാണ് കയറ്റുമതി മേഖലയിലെ ആശങ്ക.

നിരക്ക് 30 ശതമാനം കൂടും

കൊല്‍ക്കത്തയില്‍ നിന്ന് യൂറോപ്പിലേക്കുള്ള കപ്പലുകളുടെ യാത്രാ ചെലവ് പുതിയ സാഹചര്യത്തില്‍ 30 ശതമാനം വര്‍ധിക്കുമെന്നാണ് കയറ്റുമതി സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള ചരക്ക് കപ്പല്‍ സര്‍വീസുകള്‍ കുറവാണ്. സിങ്കപ്പൂര്‍, കൊളംബോ എന്നിവിടങ്ങളിലെ ഹബുകള്‍ വഴിയാണ് പ്രധാന വ്യാപാരം. ഇത് മൂലം ചരക്ക് നീക്കം വൈകാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കപ്പല്‍ ഫീസുകള്‍ 20 ശതമാനം ഉയര്‍ന്നു കഴിഞ്ഞതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് വ്യക്തമാക്കി.

ഇന്ധന വില വര്‍ധിക്കുന്നതിനൊപ്പം കപ്പല്‍ നിരക്കുകളും കൂടും. അമേരിക്കയിലെ നികുതി നയം മൂലം ഇന്ത്യന്‍ കയറ്റുമതി ഇപ്പോള്‍ പ്രധാനമായും യൂറോപ്യന്‍ വിപണികളിലേക്കാണ്. യുദ്ധം മൂലം അവിടെയും പ്രതിസന്ധിയായെന്ന് അജയ് സഹായ് പറയുന്നു. നിലവിലുള്ള അപകടകരമായ സാഹചര്യം മൂലം ഓരോ യാത്രക്കുമുള്ള ഇന്‍ഷുറന്‍സ് തുകയിലും വര്‍ധന വന്നതായും കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com