
13 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ വെള്ളി ഇക്കൊല്ലം തന്നെ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച വെള്ളി ഔണ്‍സിന് 36 ഡോളറെന്ന വില കൈവരിച്ചിരുന്നു. ടെക്‌നിക്കല്‍ ചാര്‍ട്ടുകള്‍ മികച്ച രീതിയില്‍ തുടരുന്നതും ഡോളര്‍ നിരക്ക് കുറഞ്ഞതോടെ ഡിമാന്‍ഡ് വര്‍ധിച്ചതും കണക്കിലെടുത്താല്‍ വെള്ളി ഇക്കൊല്ലം തന്നെ സ്വര്‍ണത്തെ മറികടക്കുമെന്നാണ് പ്രവചനം. ഒരുപക്ഷേ 2025 അവസാനത്തോടെ വെള്ളിവില ഔണ്‍സിന് 50 ഡോളറെന്ന നിലയിലേക്ക് മാറിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുറന്നുവിട്ട താരിഫ് ഭൂതവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന പദവി നേടിക്കൊടുത്തിരുന്നു. ഇതോടെ 2025ല്‍ മാത്രം സ്വര്‍ണവിലയിലുണ്ടായ മാറ്റം 43.7 ശതമാനമാണ്. വെള്ളിയാകട്ടെ ഇതുവരെ വളര്‍ന്നത് 22.3 ശതമാനവും. ഈ കാലയളവില്‍ നിഫ്റ്റി 50 സൂചിക 5.7 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 3.6 ശതമാനവും വളരുകയും സ്‌മോള്‍ക്യാപ് സൂചിക 1.3 ശതമാനം നഷ്ടത്തിലായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
യു.എസ് ഡോളറിന്റെ വിനിമയ നിരക്കില്‍ വന്ന മാറ്റം, യു.എസ്-ചൈനീസ് വ്യാപാര തര്‍ക്കങ്ങളില്‍ അയവുണ്ടാകുമെന്ന പ്രതീക്ഷ, തുടര്‍ച്ചയായ ഏഴാം തവണയും യൂറോപ്യന്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചത് എന്നിവയാണ് വെള്ളിവിലയുടെ കുതിപ്പിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. സുരക്ഷിത നിക്ഷേപ മാര്‍ഗമാണെന്നതിലുപരി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതും വെള്ളിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. സോളാര്‍ പാനലുകളിലും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലും വെള്ളിയുടെ ഉപയോഗം വര്‍ധിച്ചതും വിപണി ലഭ്യതയിലുണ്ടായ കുറവും വിലക്കയറ്റത്തിന് കാരണമായി.
ജൂണ്‍ അഞ്ചിന് അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 34.77 ഡോളര്‍ വിലയുണ്ടായിരുന്ന വെള്ളി 37 ഡോളര്‍ വരെ കുതിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും വെള്ളിവിലയില്‍ മാറ്റമുണ്ടായി. ഇന്ന് 118 രൂപയെന്ന നിലയിലാണ് സംസ്ഥാനത്തെ വെള്ളി വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ വിലയിലുണ്ടായ വ്യത്യാസം ഗ്രാമിന് 15 രൂപയോളമാണെന്നും കണക്കുകള്‍ പറയുന്നു. വെള്ളി വില ഗ്രാമിന് 125 രൂപയോളം വര്‍ധിക്കാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കാണുന്നത്. അന്താരാഷ്ട്ര വിപണിയിലാകട്ടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 ശതമാനമാണ് വെള്ളിവില വര്‍ധിച്ചത്. അതായത് വെള്ളിയില്‍ കഴിഞ്ഞ വര്‍ഷം ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 1.25 ലക്ഷമായി വര്‍ധിച്ചേനേ.
ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങാന്‍ എത്ര ഔണ്‍സ് വെള്ളി വേണ്ടിവരുമെന്ന് കണക്കാക്കുന്ന സ്വര്‍ണ-വെള്ളി അനുപാതം ( Gold -Silver Ratio) ഏപ്രില്‍ രണ്ടിന് ശേഷം താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച 91.3 എന്ന നിലയിലായിരുന്നു ഈ അനുപാതം.
Silver has surged past $36/oz—its highest in 13 years—with bullish charts and a weakening dollar fueling expectations of a significant rally and outperformance vs gold.
Read DhanamOnline in English
Subscribe to Dhanam Magazine