സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 9% കുറഞ്ഞു

സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2022-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കുറഞ്ഞ് 15.2 കോടി എണ്ണമെത്തിയതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട്. വിതരണ നിയന്ത്രണങ്ങള്‍ വന്നതും ഡിമാന്‍ഡ് കുറയുകയും ചെയ്തതാണ് ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തിലെ ഇടിവിന് കാരണമായത്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇത് രണ്ടാമത്തെ വാര്‍ഷിക ഇടിവാണ്. മുമ്പ് കോവിഡ് ലോക്ക്ഡൗണ്‍ മൂലം 2020 ലാണ് ആദ്യത്തെ വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയത്.

2022 അവസാനത്തോടെ 20 ശതമാനം വിപണി വിഹിതവുമായി സാംസംഗ് ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. പിന്നാലെ വിവോ, ഷവോമി സ്മാര്‍ട്ട്ഫോണുകളുമുണ്ട്. വരുമാനത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ 2021-ലെ നാലാം സ്ഥാനത്ത് നിന്ന് 2022-ല്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 13 മികച്ച സ്മാര്‍ട്ട്ഫോണ്‍ മോഡലായി. ചൈനീസ് ബ്രാന്‍ഡുകള്‍ മൊത്ത വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഇത് 2021 ലെ 65 ശതമാനത്തില്‍ നിന്നും 2022 ല്‍ 60 ശതമാനമായി കുറഞ്ഞു.

5ജി സ്മാര്‍ട്ട്ഫോണുകള്‍ 2022 ല്‍ 32 ശതമാനം വിപണി വിഹിതം നേടി. 21 ശതമാനം വിപണി വിഹിതത്തോടെ സാംസംഗ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 5ജി ബ്രാന്‍ഡായി. അള്‍ട്രാ പ്രീമിയം വിഭാഗത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡ് കൂടിയായിരുന്നു ഇത്. അതേസമയം ഡിസംബര്‍ മാസത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് ഒരു ശതകോടി ഡോളര്‍ (8100 കോടി രൂപ) മൂല്യമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്തായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Videos
Share it