സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ നാളെ കടമെടുക്കുന്നത് റെക്കോഡ് ₹50,000 കോടി; കേരളം 3,745 കോടി

കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ നാളെ ഒറ്റ ദിവസം കൊണ്ട് കടമെടുക്കുന്നത് 50,000 കോടി രൂപ. ഒറ്റദിവസത്തില്‍ ഇത്രയും തുക കടപ്പത്രങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സമാഹരിക്കുന്നത് ആദ്യമാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ 39,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിച്ചതാണ് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുക.

കേരളത്തിന് താൽക്കാലിക ആശ്വാസം
കടപ്പത്രങ്ങൾ വഴി കേരളം 3,742 കോടി രൂപയാണ് കടമെടുക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 13,608 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നു. ഇതില്‍ 8,742 കോടിക്ക് അന്തിമ അനുമതി കിട്ടി. 5,000 കോടി കടമെടുക്കുകയും ചെയ്തു. ശേഷിക്കുന്നതാണ് ഇപ്പോള്‍ എടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കേരളത്തിന് നേരിയ ആശ്വാസം നല്‍കുന്നതാണ് പുതിയ കടമെടുപ്പ്.
മൊത്തം 26,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും കേന്ദ്രവുമായി സമവായത്തിലെത്താനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തള്ളുകയായിരുന്നു. സുപ്രീം കോടതി ഇതില്‍ മാര്‍ച്ച് 21ന് വീണ്ടും വാദം കേള്‍ക്കും.
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷവും കടമെടുക്കാന്‍ കടുത്ത നിബന്ധനകള്‍ പാലിക്കേണ്ടി വരും. 33,597 കോടി രൂപയാണ് അടുത്ത വര്‍ഷം കേരളത്തിന് കടമെടുക്കാവുന്ന തുക. എന്നാല്‍ 2021-22ല്‍ കേരളം ബജറ്റിന് പുറത്തെടുത്ത 4,711 കോടിരൂപയുടെ കടം ഇതില്‍ നിന്ന് വെട്ടിക്കുറയ്ക്കും. അതോടെ ഫലത്തില്‍ അടുത്ത വര്‍ഷം എടുക്കാവുന്ന കടം 28,886 കോടി രൂപയായി കുറയും.

മുന്നില്‍ യു.പി

മാര്‍ച്ച് 19ന് നടക്കുന്ന കടപ്പത്ര ലേലത്തിലൂടെ നിലവില്‍ മൊത്തം സമാഹരിക്കുന്നത് 50,206 കോടി രൂപയാണ്.ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുക ഉത്തര്‍പ്രദേശാണ്. 8,000 കോടി രൂപ. തൊട്ടു പിന്നില്‍ 6,000 കോടി വീതം കടമെടുക്കുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ്. നൂറു കോടി രൂപ കടമെടുക്കുന്ന ഗോവയാണ് ഏറ്റവും പിന്നില്‍.

ഫെബ്രുവരി 15ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാനായത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it