മദ്യം:'ഹോം ഡെലിവറി' പരിഗണിക്കണമെന്ന് സുപ്രീം കോടതി
ലോക്ക്ഡൗണ്‍ സമയത്ത് ഹോം ഡെലിവറി പോലെ സമ്പര്‍ക്ക രഹിത മാര്‍ഗങ്ങളിലൂടെ മദ്യം വില്‍ക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. കോവിഡ് -19 തീവ്രമായിരിക്കേ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
'ഞങ്ങള്‍ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ല. പക്ഷേ സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് മദ്യം വീട്ടിലേക്ക് വിതരണം ചെയ്യുന്നതിന് അനുമതി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണം,' മൂന്നംഗ ബെഞ്ചിന്റെ തലവന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. മെയ് 4 മുതല്‍ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ഒരു കിലോ മീറ്ററോളം നീളമുള്ള ക്യൂ മദ്യവില്‍പ്പനശാലകള്‍ക്ക് പുറത്ത് കണ്ടത് കോടതി പരാമര്‍ശിച്ചു.
മദ്യം വീടുകളിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാറ്റോ രംഗത്തുണ്ട്. ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി തേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മൊത്തത്തിലുള്ള പുനരാരംഭിക്കലിന്റെ ഭാഗമാണ് മദ്യവില്‍പ്പന.ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിക്ക സംസ്ഥാനങ്ങളുടെയും ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമാണ് മദ്യം. മിക്ക സംസ്ഥാനങ്ങളിലും, മദ്യത്തിന്റെ വരുമാന വിഹിതം 25-40% വരെയാണ്.
പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഛത്തീസ്ഗഡ ് എന്നീ സംസ്ഥാനങ്ങള്‍ വീടുകളില്‍ മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് മദ്യം വാങ്ങുന്നതിന് ആളുകള്‍ക്ക് ഇ-ടോക്കണുകള്‍ക്കായി അപേക്ഷിക്കാന്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ച ഡല്‍ഹി സര്‍ക്കാര്‍ ഹോം ഡെലിവറി ആരംഭിക്കുന്നതും ചര്‍ച്ച ചെയ്യുന്നുണ്ട്.നിരവധി സംസ്ഥാനങ്ങള്‍ മദ്യത്തിന്മേലുള്ള നികുതികള്‍ വര്‍ദ്ധിപ്പിച്ചു. ഡല്‍ഹി സര്‍ക്കാര്‍ 'കൊറോണ ഫീസ്' ചുമത്തി മദ്യത്തിന്റെ വില 70 ശതമാനം ഉയര്‍ത്തി. ആന്ധ്രാ പ്രദേശ് എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് വില 75 ശതമാനം കൂട്ടി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline