രൂപയുടെ കരുത്ത് എല്ലാവർക്കും ഗുണകരമല്ല; കയറ്റുമതിക്ക് കനത്ത ആഘാതമെന്ന് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്

ക്രൂഡ് ഓയിൽ വില കുറയുന്നതും വിദേശ മൂലധന ഒഴുക്ക് മെച്ചപ്പെടുന്നതും രൂപയ്ക്ക് കരുത്തുപകരാം; എന്നാൽ രൂപയുടെ മൂല്യം ഉയരുന്നത് കയറ്റുമതിക്കാരുടെയും ഡോളർ വരുമാനമുള്ള ഐടി കമ്പനികളുടെയും വരുമാനത്തെയും ലാഭമാർജിനെയും ബാധിച്ചേക്കാം
indian rupee appreciation and impacts
പ്രതീകാത്മക ചിത്രംimage credit : Canva
Published on: 

രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, അടുത്ത സാമ്പത്തിക വർഷം ഇന്ത്യ നേരിടേണ്ടിവരിക രൂപയുടെ ശക്തി നിയന്ത്രിക്കാനുള്ള വെല്ലുവിളിയാകാമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആയ വി. അനന്ത നാഗേശ്വരൻ. താഴുന്ന ക്രൂഡ് ഓയിൽ വിലയും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ആഗോള ഫണ്ടുകൾ എഐ ആസ്തികളിൽനിന്ന് മാറാനുള്ള സാധ്യതയും രൂപയ്ക്ക് കരുത്തുപകരാം. എന്നാൽ, ശക്തമായ രൂപ കയറ്റുമതിക്കാർക്കും ഡോളർ വരുമാനത്തെ ആശ്രയിക്കുന്ന ഐടി കമ്പനികൾക്കും പുതിയ സമ്മർദമാകുമെന്നതാണ് വെല്ലുവിളി ഉയർത്തുന്ന പ്രധാന ഘടകം.

രൂപയുടെ 5% മൂല്യ വർധന; കയറ്റുമതിക്ക് തിരിച്ചടി ഭീഷണി

ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ താഴെക്ക് വരുമെന്ന പ്രതീക്ഷയും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (FIIs) പണമൊഴുക്കും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്താം. ജൂലൈ–ഓഗസ്റ്റ് കാലയളവിൽ 520 കോടി ഡോളറിന്റെ അറ്റ വിദേശ ഓഹരി നിക്ഷേപം എത്തിയപ്പോൾ, നവംബറിൽ ഇതുവരെയായി അറ്റ നിക്ഷേപം ഏകദേശം 1,000 കോടി ഡോളറിലെത്തി.

അതേസമയം, നടപ്പു സാമ്പത്തിക വർഷത്തിന്റെ (FY27) ആദ്യ ഏഴു മാസങ്ങളിൽ ഇന്ത്യയുടെ ചരക്ക്–സേവന കയറ്റുമതി 568 ബില്യൺ ഡോളറിലേക്ക് ഉയർന്നു. പെട്രോളിയം ഉത്പന്നങ്ങളും രത്ന–ആഭരണങ്ങളും ഒഴിവാക്കിയുള്ള കയറ്റുമതിയിൽ 18 ശതമാനം വളർച്ച കരസ്ഥമാക്കിയിട്ടുണ്ട്. രൂപയുടെ വിനിമയമൂല്യം അഞ്ച് ശതമാനം ശക്തിപ്പെട്ടാൽ, ഡോളർ നിരക്കിൽ മാറ്റമില്ലാത്ത കയറ്റുമതിയുടെ രൂപയിലുള്ള വരുമാനം തുല്യ അനുപാതത്തിൽ ഇടിയും.

വസ്ത്രം, തുകൽ, കാർഷികോൽപ്പന്നങ്ങൾ, കരകൗശലം തുടങ്ങിയ ലാഭമാർജിൻ കുറഞ്ഞ മേഖലകൾക്ക് ഇത് കൂടുതൽ സമ്മർദമാകും. ഡോളറിൽ വരുമാനം നേടുന്ന ഐടി കമ്പനികളുടെ രൂപയിലെ വരുമാനത്തെയും ലാഭമാർജിനെയും രൂപയുടെ കരുത്ത് പ്രതികൂലമായി ബാധിച്ചേക്കാം.

കറൻസി ഹെഡ്ജിങ്: കമ്പനികൾ തയ്യാറാണോ?

രൂപയുടെ ഇടിവ് തുടരുമെന്ന കണക്കുകൂട്ടലിൽ ഡോളർ വരുമാനവും ചെലവും ക്രമീകരിച്ച കമ്പനികൾക്ക് ശക്തിയാർജിക്കുന്ന രൂപ പുതിയ വെല്ലുവിളിയാകും. കറൻസി ഹെഡ്ജിങ് വഴി ഇത്തരം വ്യതിയാനങ്ങളിൽ നിന്ന് സംരക്ഷണം നേടാമെങ്കിലും, എല്ലാ കമ്പനികളും എത്രത്തോളം ഹെഡ്ജിങ് നടത്തിയിട്ടുണ്ടെന്ന കണക്കുകൾ ലഭ്യമല്ല. രൂപയുടെ ദിശയെക്കുറിച്ചുള്ള അനുമാനങ്ങൾക്കപ്പുറം, വരുമാനവും ചെലവും കൃത്യമായി വിലയിരുത്തി ഹെഡ്ജിങ് തന്ത്രം പുതുക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമാണിത്.

രൂപയുടെ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനൊപ്പം അമിതമായ ഇടിവോ വേഗത്തിലുള്ള അപ്രതീക്ഷിത കുതിപ്പോ തടയേണ്ട ബാധ്യത റിസർവ് ബാങ്കിനുണ്ട് (ആർബിഐ). ഇരു ദിശകളിലേക്കുമുള്ള അസ്ഥിരത കോർപറേറ്റ് കമ്പനികളുടെ ബിസിനസ് ആസൂത്രണത്തിന്റെയും ഹെഡ്ജിങ് (കറൻസി സംരക്ഷണ) തന്ത്രങ്ങളുടേയും താളം തെറ്റിക്കാം.

ശക്തമായ രൂപയല്ല, മത്സരശേഷിയുള്ള സമ്പദ്‌‍വ്യവസ്ഥയാണ് വേണ്ടത്

ക്രൂഡ് ഓയിൽ, വളം, യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ ഇറക്കുമതിക്ക് ശക്തമാകുന്ന രൂപ ആശ്വാസകരമാണ്. എന്നാൽ വിലയിൽ മത്സരിക്കുന്ന കയറ്റുമതി മേഖലകൾക്ക് ഇത് തിരിച്ചടിയും. അതിനാൽ രൂപയുടെ മൂല്യം മാത്രം സാമ്പത്തിക കരുത്തിന്റെ അളവുകോലാകരുതെന്നതാണ് നാഗേശ്വരന്റെ നിലപാടിന്റെ കാതൽ.

ഉൽപാദനക്ഷമത വർധിപ്പിക്കൽ, തൊഴിലാളികളുടെ നൈപുണ്യം മെച്ചപ്പെടുത്തൽ, അടിസ്ഥാനസൗകര്യ വികസനം, സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ ഉപയോഗം എന്നിവയിലൂടെ കറൻസിയുടെ ദിശ എന്തുതന്നെയായാലും ആഗോള വിപണിയിൽ മത്സരിക്കാനുള്ള ശേഷി ഇന്ത്യ നേടണം. ശക്തമായ രൂപയേക്കാൾ കരുത്തുറ്റ സമ്പദ്‌‍വ്യവസ്ഥയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```