പാക്കേജുകള്‍ ഇനിയും വരും: നിതി ആയോഗ് ഉപാധ്യക്ഷന്‍

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തിക മേഖല പ്രവര്‍ത്തന രഹിതമാകുന്നത് കനത്ത ആശങ്ക ജനിപ്പിക്കുന്ന സാഹചര്യമാണെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. 2021 സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയെ ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് തടയാന്‍ സര്‍ക്കാര്‍ ഇനിയും നടപടികള്‍ പ്രഖ്യാപിക്കുമെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ പാപ്പരത്ത കേസുകളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ദ്രവ്യത പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

'ത്രൈമാസത്തിലെ 15 ദിവസം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മുടക്കം വരുന്നപക്ഷം അടുത്ത സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചയെ ബാധിക്കുമെന്ന കാര്യം വ്യക്തമാണ്' അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമായും, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പാക്കേജാണ് ധനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച ആളുകളെ പരിപാലിക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയായിരുന്നു.

'തുടര്‍ന്നും പാക്കേജുകള്‍ വരും; സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വ്യാപകമായ ആഘാതം എങ്ങനെ തടയാം എന്നതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത്.'- നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it