

മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റ് ഭാവി ആവശ്യങ്ങള്‍ക്കുമായി വലിയൊരു തുക കണ്ടെത്തുകയെന്നത് മാതാപിതാക്കള്‍ക്ക് പലപ്പോഴും വെല്ലുവിളിയാണ്. ചെറിയ പ്രായം മുതല്‍ കൃത്യമായി പണം നീക്കിവെച്ചാല്‍ ഈ സാമ്പത്തികഭാരം ഒരുപരിധിവരെ കുറയ്ക്കാനാകും. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana) ഇതിനുള്ള നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ്.
പോസ്റ്റ് ഓഫീസുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയും ലഭ്യമായ ഈ പദ്ധതിയില്‍ പ്രതിവര്‍ഷം പരമാവധി 1.5 ലക്ഷം വരെ നിക്ഷേപിക്കാം. നിലവില്‍ 8.2 ശതമാനമാണ് വാര്‍ഷിക പലിശ. 2026 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തിലും കേന്ദ്രസര്‍ക്കാര്‍ പലിശനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
സുകന്യ സമൃദ്ധി യോജനയുടെ പ്രധാന സവിശേഷത ആദ്യത്തെ 15 വര്‍ഷം മാത്രം പണം നിക്ഷേപിച്ചാല്‍ മതിയെന്നതാണ്. അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് നിക്ഷേപത്തിന്റെ കാലാവധി അവസാനിക്കുന്നത്.
അതായത്, ആദ്യ 15 വര്‍ഷത്തെ നിക്ഷേപത്തിനു ശേഷം തുടര്‍ന്നുള്ള ആറുവര്‍ഷം പുതിയ നിക്ഷേപം നടത്തേണ്ടതില്ല. എന്നാല്‍ അക്കൗണ്ടിലുള്ള തുകയ്ക്ക് കാലാവധി പൂര്‍ത്തിയാകുന്നതുവരെ പലിശ ലഭിച്ചുകൊണ്ടിരിക്കും. കൂട്ടുപലിശയുടെ നേട്ടം ലഭിക്കുന്നതിനാല്‍ ദീര്‍ഘകാലയളവില്‍ വലിയൊരു തുക സമാഹരിക്കാന്‍ സാധിക്കും.
പത്ത് വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പേരിലാണ് സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷിതാക്കള്‍ക്കോ കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുറക്കാം.
ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമാണ് അനുവദിക്കുക. സാധാരണയായി ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്കായി അക്കൗണ്ട് ആരംഭിക്കാം. ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഇളവുകളുണ്ട്.
ഒരു സാമ്പത്തികവര്‍ഷം കുറഞ്ഞത് 250 നിക്ഷേപിച്ചാല്‍ മതി. പരമാവധി പരിധി 1.5 ലക്ഷമാണ്. എല്ലാ മാസവും നിര്‍ബന്ധമായി പണം അടയ്‌ക്കേണ്ടതില്ല. സാമ്പത്തികവര്‍ഷത്തിനുള്ളില്‍ സൗകര്യപ്രദമായ രീതിയില്‍ നിക്ഷേപം നടത്താം.
നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മകളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്. പെണ്‍കുട്ടിക്ക് 18 വയസ് തികയുമ്പോഴോ പത്താം ക്ലാസ് വിജയിക്കുമ്പോഴോ, ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത്, അതിനുശേഷം മുന്‍ സാമ്പത്തികവര്‍ഷാവസാനത്തിലെ അക്കൗണ്ട് ബാലന്‍സിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം.
എന്നാല്‍ വിദ്യാഭ്യാസ ചെലവുകള്‍ക്കായി മാത്രമാണ് ഈ സൗകര്യം. പ്രവേശനരേഖയോ ഫീസ് വിവരങ്ങളോ സമര്‍പ്പിക്കണം. യഥാര്‍ഥ വിദ്യാഭ്യാസ ചെലവിനാവശ്യമായ തുക മാത്രമേ അനുവദിക്കൂ. നിബന്ധനകള്‍ക്ക് വിധേയമായി ഒറ്റത്തവണയായോ ഗഡുക്കളായോ പിന്‍വലിക്കാം.
പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞശേഷം വിവാഹാവശ്യത്തിനായി അക്കൗണ്ട് കാലാവധിക്കുമുമ്പ് ക്ലോസ് ചെയ്യാനും വ്യവസ്ഥയുണ്ട്. വിവാഹത്തിന് ഒരു മാസം മുമ്പ് മുതല്‍ വിവാഹശേഷം മൂന്ന് മാസം വരെയുള്ള കാലയളവിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്.
സുകന്യ സമൃദ്ധി യോജനയുടെ മറ്റൊരു ആകര്‍ഷണം നികുതിയിളവുകളാണ്. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരം നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. പദ്ധതിയില്‍ ലഭിക്കുന്ന പലിശയ്ക്കും നിബന്ധനകള്‍ പാലിച്ച് പിന്‍വലിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്.
2015ല്‍ പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണിത്. സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപമായതിനാല്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ നേരിട്ട് ബാധിക്കില്ലെന്നതും പ്രത്യേകതയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine