കാര്‍ഷിക നിയമങ്ങള്‍ക്ക് സ്റ്റേ നല്‍കിയിട്ടും കര്‍ഷകര്‍ എന്ത് കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കുന്നില്ല?

കാര്‍ഷിക നിയമങ്ങള്‍ക്ക് സ്റ്റേ നല്‍കിയിട്ടും രോഷമടങ്ങാതെ കര്‍ഷകര്‍. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല സ്‌റ്റേ ഉത്തരവ് പുറത്തു വന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കരുതെന്ന് വ്യക്തമാക്കിയ കോടതി ചര്‍ച്ച നടത്തുന്നതിനായി നാലംഗ വിദഗ്ദ സമിതിയും രൂപീകരിച്ചു.

അന്തിമ തിരുമാനം വിദഗ്ദ സമിതി റിപ്പോര്‍ട്ടിന് ശേഷം കൈക്കൊള്ളുമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നും അത് അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതായാണ് പുതിയ വിവരം.
'കര്‍ഷകര്‍ സഹകരിക്കില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ഇത് രാഷ്ട്രീയമല്ല,അവര്‍ സഹകരിച്ചേ മതിയാകൂ.ഞങ്ങള്‍ പ്രശ്‌നമങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതയാണ് തേടുന്നത്,' സുപ്രീം കോടതി പറഞ്ഞു. അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി,ഹര്‍സിമ്രത്ത് മാന്‍,പ്രമോദ് ജോഷി, അനില്‍ ധാന്‍വത് എന്നിവരാണ് കോടതി നിര്‍ദേശിച്ചിട്ടുള്ള നാലംഗ വിദഗ്ധ സമിതി.
കര്‍ഷകര്‍ സമിതിയോട് സഹകരിക്കണം. ആത്മാര്‍ത്ഥമായി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നവര്‍ സമിതിയുമായി സഹകരിക്കണം. ഈ കേസിലെ ജുഡീഷ്യല്‍ നടപടിയുടെ ഭാഗമാണ് കമ്മിറ്റി. നിയമങ്ങള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യാനാണ് കോടതി തിരുമാനം. എന്നാല്‍ അത് അനിശ്ചിതമായിരിക്കില്ലെന്നും കോടതി പറഞ്ഞു.
തങ്ങളുടെ അധികാര പരിധിയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഒരു സ്വതന്ത്ര കമ്മിറ്റി രൂപികരിച്ച് പ്രശ്‌നങ്ങള്‍ പഠിക്കുകയെന്നതാണ് ഞങ്ങളുടെ അധികാരങ്ങളില്‍ ഒന്ന്, സുപ്രീം കോടതി വ്യക്തമാക്കി. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കുന്നതിനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണം. അല്ലെങ്കില്‍ ഈ മാസമവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നാണ് സംഘടനാ നേതാക്കളുടെ നിലപാട്. നിയമങ്ങള്‍ നടപ്പാക്കുന്നതു സ്റ്റേ ചെയ്‌തെങ്കിലും റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച സമാന്തര പരേഡുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും ഇവര്‍ അറിയിച്ചു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it