

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യു.എസ് സഖ്യവും തമ്മിലുള്ള യുദ്ധത്തിന് ശമനമില്ലാത്തതും ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ, രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില 4 വർഷ കാലയളവിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിച്ചേർന്നു. തിങ്കളാഴ്ച (2026 മാർച്ച് 9) രാവിലെ ക്രൂഡോയിൽ വ്യാപാരം പുനരാരംഭിച്ചപ്പോൾ തന്നെ 20 ശതമാനത്തിലേറെ വർധനയാണ് രേഖപ്പെടുത്തിയത്. തുടർന്നും മുന്നേറിയതോടെ ക്രൂഡോയിൽ വില 119 ഡോളർ വരെ കുതിച്ചുയർന്നു. ഇപ്പോൾ 110-115 ഡോളർ നിലവാരത്തിൽ വ്യാപാരം പുരോഗമിക്കുന്നു.
എന്നാൽ, ഇക്കഴിഞ്ഞ ഫെബ്രുവരി 27-ന് ക്രൂഡോയിൽ 70 ഡോളർ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. അതായത്, ഇറാൻ യുദ്ധം ആരംഭിച്ചിട്ട്, പത്താം ദിവസമാകുമ്പോഴേക്കും ക്രൂഡോയിൽ വിലയിൽ 60 ശതമാനത്തോളം വർധന രേഖപ്പെടുത്തിയെന്ന് സാരം. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ക്രൂഡോയിൽ വിലയിൽ വമ്പൻ കുതിച്ചുച്ചാട്ടം പ്രകടമായിട്ടുള്ളതും അപൂർവമാണ്. മുൻപ് ഇത്തരത്തിൽ വിലക്കയറ്റത്തിന് സാക്ഷ്യംവഹിച്ച രണ്ട് സന്ദർഭങ്ങളിലും പിന്നാലെ സാമ്പത്തികമാന്ദ്യം പിടികൂടിയിട്ടുണ്ടെന്നതാണ് ചരിത്രം. അത് ഇത്തവണയും ആവർത്തിക്കുമോ എന്ന് വിപണിയും ഉറ്റുനോക്കുന്നു.
അറബ് - ഇസ്രായേൽ യുദ്ധത്തെ തുടർന്ന് 1973ൽ പശ്ചിമേഷ്യയിലെ ഉത്പാദക രാജ്യങ്ങൾ കയറ്റുമതി നിരോധിച്ചപ്പോൾ ക്രൂഡോയിൽ വില മാസങ്ങൾക്കകം നാലിരട്ടി വരെ വർധിച്ചു. ആഗോള തലത്തിൽ പണപ്പെരുപ്പം ഉയരുകയും ഓഹരി വിപണികൾ തിരിച്ചടിയും നേരിട്ടു. യുദ്ധാനന്തരം ആഗോള തലത്തിൽ സാമ്പത്തികമാന്ദ്യവും നേരിട്ടു. സമാനമായി 1979-80 കാലയളവിൽ ഇറാനിൽ അരങ്ങേറിയ ഇസ്ലാമിക വിപ്ലവും ഇറാൻ - ഇറാഖ് യുദ്ധവും കാരണം പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ കയറ്റുമതി തടസ്സപ്പെട്ടതോടെ, വില അതിവേഗം രണ്ടിരട്ടിയിലേറെയായി ഉയർന്നു. അന്നും മുൻനിര സമ്പദ്ഘടനകളെ തളർച്ചയിലേക്ക് തള്ളിവിട്ടു.
ഇന്നും സമാന തിരക്കഥ തന്നെയാണ് കാണാനാകുന്നത്. ഇസ്രായേൽ - യു.എസ് സഖ്യത്തിന്റെ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ കയറ്റുമതി ഇറാൻ തടസ്സപ്പെടുത്തി. കൂടാതെ ജിസിസി രാജ്യങ്ങളിലെ എണ്ണ, പ്രകൃതി വാതക കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതോടെ ഉത്പാദനം വെട്ടിച്ചുരുക്കുകയും ചെയ്തതോടെ കേവലം പത്ത് ദിവസങ്ങൾ കൊണ്ട് ക്രൂഡോയിൽ വില 60 ശതമാനത്തോളം വർധിച്ചു. കയറ്റുമതി തടസ്സം നീണ്ടുനിന്നാൽ ക്രൂഡോയിൽ വില സർവകാല റെക്കോഡ് നിലവാരമായ 150 ഡോളറിലേക്ക് ഉയരാമെന്നും മാർക്കറ്റ് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ നേരിടുന്ന ക്രൂഡോയിൽ വിലക്കയറ്റത്തെ, ആഗോള തലത്തിലെ ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കും മേൽ ചുമത്തുന്ന നികുതി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ക്രൂഡോയിൽ വില ഉയരുന്നത് ചരക്ക് കടത്ത് കൂലിയും വർധിപ്പിക്കുന്നു. ഇത് വ്യവസായങ്ങളുടെ ഉത്പാദന ചെലവ് കൂട്ടുന്നതാണ്. അതുപോലെ ഭക്ഷ്യ സാധനങ്ങളുടെ വിലയും വർധിപ്പിക്കുന്ന ഘടകമാണ്. ഇതിലൂടെ പണപ്പെരുപ്പ നിരക്ക് ഉയരുന്നതിനും ഉപഭോക്താക്കളുടെ വാങ്ങൽശേഷി കുറയ്ക്കുന്നതിനും ഇടയാക്കും. രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ പണപ്പെരുപ്പം പിടിച്ചുനിർത്താൻ അടിസ്ഥാന പലിശ നിരക്ക് ഉയർത്തുന്നത് ചെലവിടൽ കുറയ്ക്കാൻ വഴിതെളിക്കും. ഇവയെല്ലാം ഒത്തുചേർന്നു വരുമ്പോൾ സാമ്പത്തിക തളർച്ചയാണ് ആത്യന്തികഫലം.
ക്രൂഡോയിൽ വിലക്കയറ്റം ഇന്ത്യൻ സമ്പദ്ഘടനയിലും ബഹുതലത്തിലുള്ള പ്രതികൂല സ്വാധീനം ചെലുത്തുന്നതാണ്. ഒന്നാമതായി രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കൂട്ടും. പ്രതിദിനം 50 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ക്രൂഡോയിൽ വില ഓരോ 10 ഡോളർ വർധിക്കുമ്പോഴും വാർഷിക ഇറക്കുമതി ചെലവിൽ 1,500 കോടി ഡോളർ (ഏകദേശം 1.38 ലക്ഷം കോടി രൂപ) അധിക ബാധ്യതയുണ്ടാക്കും. ഇത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി 0.36 ശതമാനം ഉയർത്തും. വ്യോമയാനം, പെയിന്റ്, ടയർ, കെമിക്കൽ, ലോജിസ്റ്റിക്സ് എന്നിങ്ങനെ നിരവധി വ്യവസായ മേഖലകളെ പ്രതിസന്ധി നേരിട്ട് ബാധിക്കും.
അതുപോലെ ക്രൂഡോയിൽ വില 130 ഡോളർ നിലവാരത്തിലേക്ക് ഉയർന്നാൽ 2026-27 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 7 ശതമാനത്തിൽ നിന്നും 6 ശതമാനത്തിലേക്ക് താഴാമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചു. ക്രൂഡോയിൽ വില വർധന ഇന്ത്യൻ രൂപയിലും സമ്മർദമുണ്ടാക്കും. ഇതിന്റെ പ്രതിഫലനമെന്നോണം തിങ്കളാഴ്ച രാവിലെ ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം സർവകാല റെക്കോഡ് താഴ്ചയായ 92.30 നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരേ രൂപയുടെ മൂല്യശോഷണം വിദേശ നിക്ഷേപകരെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിയാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. കൂടാതെ ഇറക്കുമതി ചെലവും വർധിപ്പിക്കുന്നു.
ചുരുക്കത്തിൽ രാജ്യത്തെ ആവശ്യകതയുടെ 85 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ച്, ക്രൂഡോയിൽ വിലക്കയറ്റം തിരിച്ചടി തന്നെയാണെന്നതിൽ തർക്കമില്ല. രണ്ട് മാസത്തേക്ക് ആവശ്യമുള്ള ക്രൂഡോയിൽ രാജ്യത്ത് സംഭരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു. അതിനാൽ ക്രൂഡോയിൽ വിതരണത്തിലെ പ്രതിസന്ധി എത്രത്തോളം നീണ്ടുനിൽക്കും എന്നതാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ ഭാവിഗതി നിശ്ചയിക്കുകയെന്ന് സാരം.
Read DhanamOnline in English
Subscribe to Dhanam Magazine