പൂഴിക്കടകനുണ്ട് നമ്മുടെ കൈയില്‍! ചുങ്കപ്പോരിന് ഇന്ത്യയെ കുരുക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ച് മൂഡീസ്, എന്നാല്‍ ഈ മേഖലയില്‍ മുളയാണി പ്രയോഗം സൂക്ഷിക്കണം

ആഗോള വ്യാപാര പ്രതിസന്ധിയും യുഎസ് ചുങ്ക നയങ്ങളും നേരിടാൻ ഇന്ത്യയ്ക്ക് ശക്തമായ ശേഷിയുണ്ടെന്ന് മൂഡീസ്
പൂഴിക്കടകനുണ്ട് നമ്മുടെ കൈയില്‍! ചുങ്കപ്പോരിന് ഇന്ത്യയെ കുരുക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ച് മൂഡീസ്, എന്നാല്‍ ഈ മേഖലയില്‍ മുളയാണി പ്രയോഗം സൂക്ഷിക്കണം
Published on

യു.എസിന്റെ ഇറക്കുമതി ചുങ്കവും ആഗോള വ്യാപാര പ്രതിസന്ധികളും ചെറുക്കാന്‍ ഇന്ത്യയ്ക്ക് മറ്റ് വികസ്വര രാജ്യങ്ങളേക്കാള്‍ ശേഷിയുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ശക്തമായ ആഭ്യന്തര വളര്‍ച്ചാ പ്രേരകങ്ങളും കയറ്റുമതിയിലുള്ള കുറഞ്ഞ ആശ്രിതത്വവുമാണ് പ്രധാന അനുകൂല ഘടകങ്ങളായി മൂഡീസ് ചൂണ്ടിക്കാട്ടുന്നത്.

സ്വകാര്യ ഉപഭോഗം ത്വരിതപ്പെടുത്തുക, ഉത്പാദന ശേഷി ഉയര്‍ത്തുക, അടിസ്ഥാന സൗകര്യ നിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങിയ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആഗോള ഡിമാന്‍ഡ് ദുര്‍ബലമാകുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുന്നുണ്ട്.

പണപ്പെരുപ്പത്തിലെ കുറവ് പലിശ നിരക്കില്‍ കുറവുവരുത്താന്‍ സാധ്യതയുണ്ടെന്നതും വളര്‍ച്ചയ്ക്ക് പിന്തുണയേകുന്നുണ്ട്. ബാങ്കിംഗ് മേഖലയിലെ ഉയര്‍ന്ന പണലഭ്യത കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ സഹായകമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ -പാക്കിസ്ഥാന്‍ സംഘര്‍ഷം

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷമടക്കമുള്ള ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളെയും മൂഡീസ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയേക്കാള്‍ പാക്കിസ്ഥാനെ ആയിരിക്കുമെന്നാണ് മൂഡീസ് പറയുന്നത്. ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍ പലതും സംഘര്‍ഷ മേഖലകളില്‍ നിന്ന് വളരെ അകന്നാണ് നില്‍ക്കുന്നത്. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ഉപയകക്ഷി സാമ്പത്തിക ബന്ധം പരിമിതമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ സംഘര്‍ഷം കൂടുതല്‍ കാലം നീണ്ടു നിന്നാല്‍ പ്രതിരോധ മേഖലയിലെ ചെലവഴിക്കലുകള്‍ കൂടാനും സാമ്പത്തിക ചെലവുകള്‍ കുറച്ചു നിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ബാധിക്കാനുമിടയാക്കിയേക്കാം എന്നാണ് മൂഡീസ് വ്യക്തമാക്കുന്നത്.

ചില മേഖലകള്‍ക്ക് ക്ഷീണമാകും

അതേസമയം, അമേരിക്കയിലേക്ക് കൂടുതല്‍ കയറ്റുമതി നടത്തുന്ന ഓട്ടോമൊബൈല്‍ പോലുള്ള ചില മേഖലകള്‍ ആഗോള വ്യാപാര പ്രതിസന്ധിയുടെ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്ന വസ്തുതയും മൂഡീസ് അംഗീകരിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിച്ച് വൈവിദ്ധ്യവത്കരണം ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ പോലും ഇത് പ്രശ്‌നമാകുമെന്നാണ് റേറ്റിംഗ് ഏജന്‍സി പറയുന്നത്. എന്നാല്‍ സേവനമേഖലയും ആഭ്യന്തര ആവശ്യങ്ങള്‍കേന്ദ്രീകരിച്ചുള്ള സമ്പദ് വ്യവസ്ഥയും കരുത്തുറ്റതാണെന്നും മൂഡീസ് പറയുന്നു.

ഏപ്രിലിലാണ് യു.എസ് പുതിയ താരിഫ് പ്രഖ്യാപിച്ചത്. പിന്നീടിത് 90 ദിവസത്തേക്ക് മരവിപ്പിച്ചു. ചില മേഖലകള്‍ക്ക് 10 ശതമാനമാണ് നിലവില്‍ ഇറക്കുമതി ചുങ്കമെങ്കില്‍ സ്റ്റീല്‍, അലൂമിനം അടക്കമുള്ളവയ്ക്ക് ഉയര്‍ന്ന നിരക്ക് നേരിടേണ്ടി വരും.

ഈ മാസം ആദ്യം മൂഡീസ് ഇന്ത്യയുടെ 2025 ലെ വളര്‍ച്ച പ്രതീക്ഷ 6.3 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കിയിരുന്നു. ജി-20 രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.

Moody’s highlights India’s resilience against global trade challenges and upgrades growth forecast for 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com