പാകിസ്ഥാന്റെ ജി.ഡി.പിയെയും നിഷ്പ്രഭമാക്കി ടാറ്റാ ഗ്രൂപ്പ്; ഇനിയും പ്രതീക്ഷിക്കാം ഐ.പി.ഒ പെരുമഴ

കണക്കെണിയില്‍ നട്ടംതിരിഞ്ഞ് പാക് സാമ്പത്തിക രംഗം
Tata logo, Ratan Tata
Image : Tata website and Canva
Published on

വളര്‍ച്ചയുടെ പടവുകളില്‍ അതിവേഗം മുന്നേറുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റാ ഗ്രൂപ്പ്. ടാറ്റയുടെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം 30 ലക്ഷം കോടി രൂപയെന്ന നാഴിക്കക്കല്ല് ഭേദിച്ചത് അടുത്തിടെ. നിലവില്‍ 36,500 കോടി ഡോളറാണ് മൊത്തം വിപണിമൂല്യം; അതായത് 30.3 ലക്ഷം കോടി രൂപ.

ഈ കണക്ക് വിലയിരുത്തിയാല്‍ നമ്മുടെ തൊട്ടടുത്ത അയല്‍ രാജ്യവും ബദ്ധവൈരിയുമായ പാകിസ്ഥാന്റെ ജി.ഡി.പിയേക്കാള്‍ വലുതാണ് ടാറ്റാ ഗ്രൂപ്പിന്റെ വിപണിമൂല്യം. 34,100 കോടി ഡോളറേയുള്ളൂ പാകിസ്ഥാന്റെ ജി.ഡി.പി. ഇന്ത്യയുടേത് 3.7 ലക്ഷം കോടി ഡോളറാണ്. പാക് ജി.ഡി.പിയുടെ 11 ഇരട്ടി. ഇന്ത്യയാകട്ടെ 2027-28നകം 5 ലക്ഷം കോടി ഡോളര്‍ ജി.ഡി.പിയിലേക്ക് കുതിച്ച് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള മുന്നേറ്റത്തിലുമാണ്.

ടാറ്റാ ഗ്രൂപ്പും കമ്പനികളും

ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (TCS) വിപണിമൂല്യം (Market cap) 15 ലക്ഷം കോടി രൂപ വരും. ഇത് പാക് ജി.ഡി.പിയുടെ പാതിയാണെന്ന് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ടാറ്റാ ഗ്രൂപ്പിലെ ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റന്‍, ട്രെന്റ് തുടങ്ങിയവ മികച്ച പ്രകടനമാണ് സമീപകാലത്ത് കാഴ്ചവയ്ക്കുന്നത്. ഏതാണ്ട് 25 ടാറ്റാ കമ്പനികള്‍ ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ട് (ലിസ്റ്റഡ്).

ടാറ്റാ കാപ്പിറ്റല്‍, ടാറ്റാ പ്ലേ, മാതൃ കമ്പനിയായ ടാറ്റാ സണ്‍സ് തുടങ്ങിയവയും വൈകാതെ പ്രാരംഭ ഓഹരി വില്‍പന (IPO) വഴി ഓഹരി വിപണിയിലെത്തിയേക്കും. ടാറ്റാ പ്ലേയ്ക്ക് ഐ.പി.ഒ നടത്താന്‍ സെബിയുടെ (SEBI) അനുമതി നേരത്തേ തന്നെ കിട്ടിക്കഴിഞ്ഞു. തീയതിയേ ഇനി പ്രഖ്യാപിക്കാനുള്ളൂ. ടാറ്റാ കാപ്പിറ്റല്‍, ടാറ്റാ സണ്‍സ് ഐ.പി.ഒ അടുത്തവര്‍ഷത്തോടെ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാകിസ്ഥാന്റെ അവസ്ഥ!

ഏറെക്കാലമായി സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളില്‍പ്പെട്ട് ഉഴലുകയാണ് പാകിസ്ഥാന്‍. മുന്‍ പ്രധാനമന്ത്രിമാര്‍ വരെ അഴിമതിക്കേസിലുള്‍പ്പെടെ ജയിലില്‍ കിടക്കുന്ന അവസ്ഥ. ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്ന് ദിവസങ്ങളായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനുമായിട്ടില്ല.

ഇതെല്ലാം പാക് സമ്പദ്‌വ്യവസ്ഥയെ തരിപ്പണമാക്കുന്നു. ഏതാണ്ട് 125 ബില്യണ്‍ ഡോളറിന്റെ (10.41 ലക്ഷം കോടി രൂപ) വിദേശ കടക്കെണിയിലാണ് പാകിസ്ഥാന്‍. ഇതിന്റെ ഒരുവിഹിതം വീട്ടാനായി മാത്രം അടുത്ത ജൂലൈയോടെ 2,500 കോടി ഡോളര്‍ വേണം; അതായത് രണ്ടുലക്ഷം കോടിയോളം രൂപ.

ഐ.എം.എഫില്‍ നിന്ന് 300 കോടി ഡോളര്‍ (25,000 കോടി രൂപ) കടംവാങ്ങിയതിന്റെ കാലാവധി അടുത്തമാസം തീരും. വെറും 800 കോടി ഡോളറേ പാകിസ്ഥാന്റെ വിദേശ നാണയശേഖരത്തിലുള്ളൂ. ഇന്ത്യയുടേത് 61,723 കോടി ഡോളറാണെന്ന് ഓര്‍ക്കണം.

പാകിസ്ഥാന്റെ നിലവിലെ വിദേശ നാണയശേഖരം വച്ച് രണ്ടുമാസത്തെ ഇറക്കുമതി ചെലവുകള്‍ കഴിക്കാം. പാക് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വരുമാനത്തിന്റെ പാതിയിലേറെയും വായ്പകളുടെ പലിശവീട്ടാന്‍ മാത്രം ഉപയോഗിക്കേണ്ടി വരുമെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ ആശങ്കപ്പെടുന്നു. ഇത് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കാകും നയിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com