എന്‍ ചന്ദ്രശേഖരന്റെ പുതിയ ഉത്തരവാദിത്വം; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമോ

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെ ബിസിനസ് 20 (ബി 20) ഇന്ത്യയുടെ ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) അറിയിച്ചു. ജി 20 രാജ്യങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റുകള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടിയുള്ള ചര്‍ച്ചാവേദിയാണ് ബി 20.

അടുത്ത വര്‍ഷം ഇന്ത്യ ജി 20 യോഗത്തിന് അധ്യക്ഷ പദവി വഹിക്കുമ്പോള്‍ ബി 20 ഇന്ത്യയുടെ സെക്രട്ടേറിയറ്റായി സിഐഐ പ്രവര്‍ത്തിക്കും. 2022 ഡിസംബര്‍ 1 ന് ബി 20 ഇന്ത്യ സെക്രട്ടേറിയറ്റിന്റെ ചുമതല സിഐഐ ഏറ്റെടുത്തു. ഇതിന് കീഴില്‍ രാജ്യത്തുടനീളം സിഐഐ 100 ഓളം ബിസിനസ് നയ സംരംഭങ്ങള്‍ സംഘടിപ്പിക്കും.

2010ല്‍ സ്ഥാപിതമായ ബിസിനസ് 20 ജി 20 യിലെ ഏറ്റവും പ്രമുഖമായ ഗ്രൂപ്പുകളിലൊന്നാണ്. വിവിധ കമ്പനികളും ബിസിനസ്സ് സംഘടനകളും ഇതില്‍ പങ്കാളികളാണ്. വര്‍ഷങ്ങളായി ജി 20 ഗ്രൂപ്പിംഗിലൂടെ സാമ്പത്തിക നയ പ്രസ്താവനകള്‍ രൂപപ്പെടുത്തുന്നതില്‍ ബി 20 നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സിഐഐ പ്രസിഡന്റ് സഞ്ജീവ് ബജാജ് പറഞ്ഞു. ബിസിനസ് 20 യുടെ സജീവമായ പങ്കാളിത്തം ജി20 ക്ക് മികച്ച സംഭാവന നല്‍കാനും വളര്‍ച്ചയെ നയിക്കാന്‍ ബിസിനസുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം വികസിപ്പിക്കാനും സഹായിക്കും.

ഊര്‍ജം, കാലാവസ്ഥാ വ്യതിയാനം, ആഗോള മൂല്യ ശൃംഖലകളുമായുള്ള സംയോജനം, വ്യാപാര പ്രതിരോധശേഷി, നവീകരണവും ഗവേഷണവും വികസനവും, തൊഴിലാളികളുടെ നൈപുണ്യം തുടങ്ങിയവയില്‍ ബി 20 ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര അടിസ്ഥാന സൗകര്യത്തിനും സാമ്പത്തിക ഉള്‍പ്പെടുത്തലിനും ഇത് മുന്‍ഗണന നല്‍കും. 2023 ജനുവരി 22-24 തീയതികളിലെ പ്രാരംഭ യോഗത്തിന് ശേഷം ബി 20 ഇന്ത്യ വിവിധ ടാസ്‌ക്‌ഫോഴ്സുകളുടെയും ആക്ഷന്‍ കൗണ്‍സിലുകളുടെയും പ്രവര്‍ത്തനം ആരംഭിക്കും.

Related Articles

Next Story

Videos

Share it